മത്തായി 25:15-29

മത്തായി 25:15-29 MCV

അദ്ദേഹം, ഓരോ സേവകനും അവരവരുടെ കഴിവനുസരിച്ച്, ഒരാൾക്ക് അഞ്ച് താലന്ത്, മറ്റൊരാൾക്ക് രണ്ട്, വേറെയൊരാൾക്ക് ഒന്ന് എന്നിങ്ങനെ നൽകി; തുടർന്ന് അദ്ദേഹം യാത്രയായി. അഞ്ചു താലന്ത് ലഭിച്ചയാൾ പോയി, ആ പണംകൊണ്ടു വ്യാപാരംചെയ്ത് അഞ്ചു താലന്തുകൂടി സമ്പാദിച്ചു. അതുപോലെതന്നെ രണ്ടു താലന്ത് ലഭിച്ചയാൾ രണ്ടുകൂടി നേടി. എന്നാൽ ഒരു താലന്ത് ലഭിച്ചയാൾ അതുമായിപ്പോയി, നിലത്ത് ഒരു കുഴികുഴിച്ച് യജമാനന്റെ പണം അതിൽ മറവുചെയ്തു. “ഏറെക്കാലത്തിനുശേഷം ആ സേവകരുടെ യജമാനൻ മടങ്ങിയെത്തി അവരുമായി കണക്കുതീർത്തു. അഞ്ചു താലന്ത് ലഭിച്ച സേവകൻ യജമാനനെ സമീപിച്ച്, ‘അങ്ങ് അഞ്ചു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ അഞ്ചുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു. “യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക.’ “രണ്ടു താലന്ത് ലഭിച്ച സേവകനും വന്ന്, ‘യജമാനനേ, രണ്ടു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ രണ്ടുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു. “യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക’ എന്നു പറഞ്ഞു. “പിന്നെ ഒരു താലന്ത് ലഭിച്ചിരുന്നവനും വന്നു. അയാൾ, ‘യജമാനനേ, വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ശേഖരിക്കുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യനാണ് അങ്ങെന്ന് ഞാൻ അറിഞ്ഞിരുന്നു. അതുകൊണ്ട്, ഞാൻ ഭയന്നിട്ട് അങ്ങയുടെ താലന്ത് നിലത്ത് ഒളിച്ചുവെച്ചു. അങ്ങയുടെ പണം ഇതാ; ഞാൻ തിരികെ കൊണ്ടുവന്നിരിക്കുന്നു’ എന്നു പറഞ്ഞു. “അപ്പോൾ യജമാനൻ അവനോട് ഉത്തരം പറഞ്ഞത്, ‘ദുഷ്ടനും മടിയനുമായ ദാസാ, ഞാൻ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുന്നവനെന്നും വിതറാത്തിടത്തുനിന്ന് ശേഖരിക്കുന്നവനെന്നും നീ അറിഞ്ഞിരുന്നല്ലോ. എന്റെ പണം നിനക്ക് ബാങ്കിലെങ്കിലും നിക്ഷേപിക്കാമായിരുന്നല്ലോ? അങ്ങനെ ഞാൻ മടങ്ങിവരുമ്പോൾ, അതിൽനിന്ന് കുറച്ച് പലിശയെങ്കിലും എനിക്കു ലഭിക്കുമായിരുന്നല്ലോ? “ ‘ആ താലന്ത് അയാളുടെ പക്കൽനിന്ന് എടുത്ത് പത്ത് താലന്തുള്ളവന് കൊടുക്കുക. ഉള്ളവർക്ക് അധികം നൽകപ്പെടും, സമൃദ്ധമായും നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും.