മത്തായി 23:1-12

മത്തായി 23:1-12 MCV

അതിനുശേഷം യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടുമായി ഇപ്രകാരം പറഞ്ഞു: “വേദജ്ഞരും പരീശന്മാരും മോശയുടെ സിംഹാസനത്തിൽ ഉപവിഷ്ടരാണ്. അതുകൊണ്ട് അവർ നിങ്ങളോടു പറയുന്നതെല്ലാം സസൂക്ഷ്മം അനുവർത്തിക്കണം; എന്നാൽ, അവരുടെ ജീവിതശൈലി മാതൃകയാക്കരുത്. കാരണം, തങ്ങൾ ഉപദേശിക്കുന്നതല്ല, അവർ അനുവർത്തിച്ചുവരുന്നത്. അവർ ഭാരമുള്ളതും ചുമക്കാൻ വളരെ പ്രയാസമുള്ളതുമായ ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; എന്നാൽ ഒരു വിരൽകൊണ്ടുപോലും സ്പർശിച്ച് ആ ഭാരം ലഘൂകരിക്കാനുള്ള സന്മനസ്സ് അവർക്കില്ല. “മനുഷ്യരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുവേണ്ടി മാത്രമാണ് അവർ എല്ലാം ചെയ്യുന്നത്. അവർ അവരുടെ വേദപ്പട്ടകൾക്കു വീതിയും പുറങ്കുപ്പായത്തിന്റെ തൊങ്ങലുകൾക്കു നീളവും കൂട്ടുന്നു. വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും അവർ ആഗ്രഹിക്കുന്നു. ജനം ചന്തസ്ഥലങ്ങളിൽ അവരെ അഭിവാദനംചെയ്യുന്നതും ‘റബ്ബീ’ എന്നു വിളിക്കുന്നതും അവർ ഇഷ്ടപ്പെടുന്നു. “ആരും നിങ്ങളെ ‘റബ്ബീ’ എന്നു വിളിക്കാൻ അനുവദിക്കരുത്. ഒരാൾമാത്രമാണ് നിങ്ങളുടെ ഗുരു; നിങ്ങളെല്ലാവരും പരസ്പരം സഹോദരീസഹോദരന്മാർമാത്രം. ഭൂമിയിൽ ആരെയും ബഹുമാനാർഥം ‘പിതാവ്’ എന്ന് അഭിസംബോധന ചെയ്യരുത്; സ്വർഗസ്ഥപിതാവെന്ന ഒരേയൊരു പിതാവേ നിങ്ങൾക്കുള്ളൂ. നിങ്ങളിൽ ആരും ‘ഗുരു’ എന്നു വിളിക്കപ്പെടരുത്; ക്രിസ്തുമാത്രമാണ് നിങ്ങൾക്കുള്ള ഏക ‘ഗുരു.’ നിങ്ങളിൽ ഉന്നതസ്ഥാനികൾ നിങ്ങളുടെ സേവകർ ആയിരിക്കണം. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.