മത്തായി 21:33-46

മത്തായി 21:33-46 MCV

“മറ്റൊരു സാദൃശ്യകഥ കേൾക്കുക: ഒരു ഭൂവുടമ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു, ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിനേൽപ്പിച്ചിട്ട്, വിദേശത്തുപോയി. വിളവെടുപ്പുകാലം സമീപിച്ചപ്പോൾ, അദ്ദേഹം തനിക്കുള്ള ഓഹരി ശേഖരിക്കാൻ തന്റെ ഭൃത്യന്മാരെ ആ പാട്ടക്കർഷകരുടെ അടുത്തേക്ക് അയച്ചു. “ആ പാട്ടക്കാർ തന്റെ ഭൃത്യരെപ്പിടിച്ച് ഒരാളെ അടിച്ചു, മറ്റേയാളെ കൊന്നു, മൂന്നാമത്തെയാളെ കല്ലെറിഞ്ഞു. പിന്നീട് ആ ഭൂവുടമ ആദ്യം അയച്ചതിലും അധികം ഭൃത്യന്മാരെ അവരുടെ അടുത്തേക്ക് അയച്ചു; പാട്ടക്കാർ അവരോടും മുമ്പ് ചെയ്തതുപോലെതന്നെ ചെയ്തു. ഏറ്റവും അവസാനം അദ്ദേഹം തന്റെ മകനെത്തന്നെ അവരുടെ അടുത്തേക്ക് അയച്ചു; ‘എന്റെ മകനെ അവർ ആദരിക്കും,’ എന്ന് അദ്ദേഹം പറഞ്ഞു. “എന്നാൽ ആ കർഷകർ ഭൂവുടമയുടെ മകനെ കണ്ടപ്പോൾ, പരസ്പരം ഇങ്ങനെ പറഞ്ഞു, ‘ഇവനാണ് അവകാശി, വരൂ, നമുക്ക് ഇവനെ കൊന്ന് ഇവന്റെ ഓഹരി കൈക്കലാക്കാം.’ അങ്ങനെ, അവർ അവനെ പിടിച്ച് മുന്തിരിത്തോപ്പിന് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു. “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ വരുമ്പോൾ, അദ്ദേഹം ഈ പാട്ടക്കർഷകരോട് എങ്ങനെ പ്രതികരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്?” യേശു അവരോടു ചോദിച്ചു. “അദ്ദേഹം ആ ദുഷ്ടന്മാരെ നിർദാക്ഷിണ്യം നശിപ്പിക്കും; പിന്നീട് ആ മുന്തിരിത്തോപ്പ് യഥാകാലം പാട്ടം നൽകുന്ന മറ്റു പാട്ടക്കർഷകരെ ഏൽപ്പിക്കും,” എന്ന് സമുദായനേതാക്കന്മാർ ഉത്തരം പറഞ്ഞു. യേശു അവരോടു ചോദിച്ചത്, “ ‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു; ഇത് കർത്താവ് ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു’ എന്നു തിരുവെഴുത്തിൽ നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? “അതുകൊണ്ട്, ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്തുമാറ്റി ഫലം നൽകുന്ന മറ്റൊരു ജനതയ്ക്കു നൽകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അത് ആരുടെമേൽ വീഴുന്നോ അയാൾ തരിപ്പണമാകും.” യേശു ഈ സാദൃശ്യകഥകൾ തങ്ങളെക്കുറിച്ചാണ് പറയുന്നതെന്നു മനസ്സിലാക്കിയിട്ട്, പുരോഹിതമുഖ്യന്മാരും പരീശന്മാരും അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു. എന്നാൽ, ജനം അദ്ദേഹത്തെ ഒരു പ്രവാചകനായി പരിഗണിച്ചിരുന്നതിനാൽ അവർ ജനക്കൂട്ടത്തെ ഭയപ്പെട്ടു.