വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടിട്ട് അദ്ദേഹം അതിന്റെ അടുത്തുചെന്നു. എന്നാൽ, അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. അപ്പോൾ യേശു അതിനോട്, “ഇനി ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ മരം ഉണങ്ങിപ്പോയി. ഇതുകണ്ട് ശിഷ്യന്മാർ വിസ്മയത്തോടെ, “അത്തിവൃക്ഷം ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത് എങ്ങനെ?” എന്നു ചോദിച്ചു. അതിനുത്തരമായി യേശു അവരോട്, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം ഈ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു നിങ്ങൾ ചെയ്യുമെന്നുമാത്രമല്ല, ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറഞ്ഞാൽ അതും സംഭവിക്കും, നിശ്ചയം. വിശ്വാസത്തോടുകൂടി നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു നിങ്ങൾക്കു ലഭിക്കും.” യേശു ദൈവാലയാങ്കണത്തിൽ പ്രവേശിച്ച്, ജനത്തെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു. അതിന് യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും; നിങ്ങളതിന് ഉത്തരം നൽകിയാൽ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം. സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് എവിടെനിന്ന്? ‘സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?’ ” അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും. ‘മനുഷ്യരിൽനിന്ന്’ എന്നു പറഞ്ഞാലോ! നാം ജനത്തെ ഭയപ്പെടുന്നു; കാരണം അവരെല്ലാം യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്.” അവർ ഒടുവിൽ യേശുവിനോട്, “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി. “ഇനി പറയുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തുതോന്നുന്നു? ഒരു മനുഷ്യനു രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. ഒന്നാമന്റെ അടുക്കൽ ചെന്ന് അദ്ദേഹം, ‘മകനേ, ഇന്ന് നീ എന്റെ മുന്തിരിത്തോപ്പിൽ പോയി വേലചെയ്യുക’ എന്നു പറഞ്ഞു. “ ‘ഞാൻ പോകില്ല,’ അവൻ മറുപടി നൽകി. എങ്കിലും പിന്നീടു തന്റെ തീരുമാനം മാറ്റി പോകുകയും ചെയ്തു. “അദ്ദേഹം മറ്റേ മകനോടും അതേകാര്യംതന്നെ ആവശ്യപ്പെട്ടു. ‘ഞാൻ പോകാം അപ്പാ’ എന്ന് അവൻ പറഞ്ഞെങ്കിലും പോയില്ല. “ഈ രണ്ടുപേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്?” “ഒന്നാമൻ,” അവർ ഉത്തരം പറഞ്ഞു. യേശു അവരോടു പറഞ്ഞത്, “നികുതിപിരിവുകാരും ഗണികകളും നിങ്ങൾക്കുമുമ്പേ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു എന്ന സത്യം ഞാൻ നിങ്ങളോടു പറയുന്നു. കാരണം, നീതിയുടെ വഴി കാണിച്ചുതരാൻ യോഹന്നാൻ നിങ്ങളുടെ അടുക്കൽ വന്നെങ്കിലും നിങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചില്ല. എന്നാൽ, നികുതിപിരിവുകാരും ഗണികകളും അദ്ദേഹത്തിൽ വിശ്വസിച്ചു. ഇതു കണ്ടിട്ടും നിങ്ങൾ അനുതപിച്ച് അദ്ദേഹത്തിൽ വിശ്വസിച്ചില്ല.
മത്തായി 21 വായിക്കുക
കേൾക്കുക മത്തായി 21
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 21:19-32
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ