മത്തായി 2:1-8

മത്തായി 2:1-8 MCV

ഹെരോദാരാജാവിന്റെ ഭരണകാലത്ത് യേശു യെഹൂദ്യയിലെ ബേത്ലഹേമിൽ ജനിച്ചതിനുശേഷം കിഴക്കുനിന്നുള്ള ജ്ഞാനികൾ ജെറുശലേമിൽ എത്തി. “യെഹൂദരുടെ രാജാവ് ഭൂജാതനായിരിക്കുന്നതെവിടെ?” എന്ന് ആരാഞ്ഞു; “ഞങ്ങൾ അദ്ദേഹത്തിന്റെ നക്ഷത്രം പൂർവദിക്കിൽ കണ്ടു; അദ്ദേഹത്തെ പ്രണമിക്കാൻ വന്നിരിക്കുകയാണ്,” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ഹെരോദാരാജാവും അദ്ദേഹത്തോടൊപ്പം ജെറുശലേംനിവാസികൾ സകലരും അസ്വസ്ഥചിത്തരായി. ഹെരോദാരാജാവ് ഇസ്രായേൽജനത്തിന്റെ പുരോഹിതമുഖ്യന്മാരെയും വേദജ്ഞരെയും വിളിച്ചുകൂട്ടി, “ക്രിസ്തു എവിടെയാണു ജനിക്കുക” എന്ന് അവരോട് ആരാഞ്ഞു. “യെഹൂദ്യയിലെ ബേത്ലഹേമിൽ,” എന്ന് അവർ മറുപടി പറഞ്ഞു. “ ‘നീയോ യൂദ്യദേശത്തിലെ ബേത്ലഹേമേ, ചെറുതല്ലൊട്ടും നീ യൂദ്യപ്രഭുഗണത്തിൽ; നിന്നിൽനിന്നല്ലോ രാജൻ ഉദിക്കുന്നത് ഇസ്രായേൽജനതയുടെ പരിപാലകൻതന്നെ!’ എന്നിങ്ങനെയാണല്ലോ പ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നത്.” അപ്പോൾത്തന്നെ ഹെരോദാവ് ജ്ഞാനികളെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷമായ കൃത്യസമയം ചോദിച്ചു മനസ്സിലാക്കി. അദ്ദേഹം അവരോട്, “നിങ്ങൾ പോയി ശിശുവിനെ സസൂക്ഷ്മം അന്വേഷിക്കുക. കണ്ടെത്തിയാൽ ഉടൻതന്നെ നമ്മെ വിവരം അറിയിക്കുക, ‘നാമും ചെന്ന് അദ്ദേഹത്തെ പ്രണമിക്കേണ്ടതാണ്’ ” എന്നു പറഞ്ഞ് അവരെ ബേത്ലഹേമിലേക്ക് അയച്ചു.

മത്തായി 2:1-8 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും