യേശു അതിന്, “നല്ല കർമം എന്തെന്ന് എന്നോടു ചോദിക്കുന്നതെന്ത്? നല്ലവൻ ഒരുവൻമാത്രമേ ഉള്ളൂ. നിത്യജീവനിൽ പ്രവേശിക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ കൽപ്പനകൾ അനുസരിക്കുക” എന്ന് ഉത്തരം പറഞ്ഞു.
“ആ കൽപ്പനകൾ ഏതെല്ലാം?” അയാൾ ചോദിച്ചു.
“ ‘കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ അയൽവാസിയെയും സ്നേഹിക്കുക’ എന്നിത്യാദിയാണ്,” എന്ന് യേശു ഉത്തരം പറഞ്ഞു.
ആ യുവാവ്, “ഞാൻ ഇവയെല്ലാം പാലിക്കുന്നുണ്ട്” എന്നു മറുപടി പറഞ്ഞു. “ഇതിലധികമായി ഞാൻ എന്താണ് ചെയ്യേണ്ടത്?” അയാൾ ആരാഞ്ഞു.
യേശു അയാളോട്, “സദ്ഗുണങ്ങളാൽ പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ പോയി നിനക്കുള്ള സ്വത്ത് സർവവും വിറ്റ് ആ പണം ദരിദ്രർക്ക് കൊടുക്കുക, എങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞു.
വളരെ വസ്തുവകകൾ ഉണ്ടായിരുന്ന ആ യുവാവ് ഈ വാക്കുകേട്ട് ദുഃഖിതനായി അവിടെനിന്ന് പോയി.
അപ്പോൾ യേശു തന്റെ ശിഷ്യന്മാരോട്, “ധനികർ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. ഞാൻ വീണ്ടും പറയട്ടെ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം.”
ഇതു കേട്ട് ശിഷ്യന്മാർ അത്യന്തം ആശ്ചര്യപ്പെട്ടു, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു.
യേശു അവരെ നോക്കി, “മനുഷ്യർക്ക് ഇത് അസാധ്യം; എന്നാൽ ദൈവത്തിന് സകലതും സാധ്യമാണ്” എന്നു പറഞ്ഞു.
അപ്പോൾ പത്രോസ്, “ഇതാ, ഞങ്ങൾ സകലതും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചല്ലോ; ഞങ്ങൾക്ക് എന്താണു ലഭിക്കുക?” എന്ന് യേശുവിനോട് ചോദിച്ചു.
യേശു അവരോടു പറഞ്ഞത്, “പുതിയ യുഗത്തിൽ, മനുഷ്യപുത്രൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാകുമ്പോൾ, എന്നെ അനുഗമിച്ച നിങ്ങൾ, പന്ത്രണ്ട് സിംഹാസനങ്ങളിൽ ഇരുന്ന്, ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ ന്യായംവിധിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. എന്നെപ്രതി വീടുകൾ, സഹോദരന്മാർ, സഹോദരിമാർ, പിതാവ്, മാതാവ്, ഭാര്യ, മക്കൾ, പുരയിടങ്ങൾ എന്നിവ ത്യജിച്ച ഓരോ വ്യക്തിക്കും അവ നൂറുമടങ്ങു തിരികെ ലഭിക്കും. എന്നുമാത്രമല്ല, അവർ നിത്യജീവന് അവകാശികളാകുകയും ചെയ്യും. എന്നാൽ ഇന്ന് അഗ്രഗാമികളായിരിക്കുന്ന പലരും അന്ന് ഏറ്റവും പിന്നിലുള്ളവരും ഇന്ന് ഏറ്റവും പിന്നിലുള്ള പലരും അന്ന് അഗ്രഗാമികളുമായിത്തീരും.