മത്തായി 18:1-9

മത്തായി 18:1-9 MCV

ആ സമയത്തു ശിഷ്യന്മാർ യേശുവിന്റെ അടുത്തുവന്ന്, “സ്വർഗരാജ്യത്തിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ്?” എന്നു ചോദിച്ചു. അദ്ദേഹം ഒരു കുട്ടിയെ വിളിച്ച് അവരുടെമധ്യത്തിൽ നിർത്തിയശേഷം ഇങ്ങനെ പറഞ്ഞു, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾക്ക് ആന്തരികപരിവർത്തനം വന്ന് കുട്ടികളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ ഒരുനാളും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല, നിശ്ചയം. അതുകൊണ്ട്, സ്വയം താഴ്ത്തി ഈ കുട്ടിയെപ്പോലെ ആയിത്തീരുന്നയാളാണ് സ്വർഗരാജ്യത്തിലെ ഉന്നത വ്യക്തി. ഇങ്ങനെയുള്ള ഒരു കുട്ടിയെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന വ്യക്തി എന്നെ സ്വീകരിക്കുന്നു. “എന്നാൽ, എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാളെങ്കിലും പാപത്തിൽ വീഴുന്നതിന് ആരെങ്കിലും കാരണമാകുന്നെങ്കിൽ, അയാളുടെ കഴുത്തിൽ ഒരു വലിയ തിരികല്ല് കെട്ടി ആഴിയുടെ ആഴത്തിലേക്ക് താഴ്ത്തുന്നത് അയാൾക്ക് ഏറെ നല്ലത്. മനുഷ്യരെ പാപത്തിലേക്കു നയിക്കുന്നതുകൊണ്ട് ലോകത്തിനു ഹാ കഷ്ടം! പ്രലോഭനങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ കഴിയുകയില്ല; എങ്കിലും, അതിനു കാരണക്കാരൻ ആകുന്നയാൾക്കു മഹാകഷ്ടം! നിന്റെ കൈയോ കാലോ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക. അംഗഹീനത്വമോ മുടന്തോ ഉള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കയ്യും രണ്ട് കാലും ഉള്ളയാളായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്. നിന്റെ കണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് ദൂരെ എറിയുക. ഒരു കണ്ണുള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കണ്ണും ഉള്ളയാളായി നരകാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്.”