മത്തായി 16:21-28

മത്തായി 16:21-28 MCV

ആ സമയംമുതൽ യേശു, താൻ ജെറുശലേമിലേക്കു പോകേണ്ടതാണെന്നും സമുദായനേതാക്കന്മാർ, പുരോഹിതമുഖ്യന്മാർ, വേദജ്ഞർ എന്നിവരിൽനിന്ന് അനേക കഷ്ടം സഹിച്ച് വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്നും ശിഷ്യന്മാർക്ക് വിശദീകരിച്ചുകൊടുക്കാൻ തുടങ്ങി. പത്രോസ് അദ്ദേഹത്തെ മാറ്റിനിർത്തി, “ഒരിക്കലും പാടില്ല കർത്താവേ; അങ്ങേക്ക് ഇങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ” എന്നു പറഞ്ഞ് ശാസിച്ചുതുടങ്ങി. യേശു തിരിഞ്ഞ് പത്രോസിനോട്, “സാത്താനേ, എന്റെ മുമ്പിൽനിന്ന് പോ! നീ എനിക്ക് ഒരു പ്രതിബന്ധമാണ്. നീ ദൈവത്തിന്റെ കാര്യങ്ങളല്ല, മനുഷ്യരുടെ കാര്യങ്ങളാണ് ചിന്തിക്കുന്നത്” എന്നു പറഞ്ഞു. പിന്നെ യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: “ഒരാൾ എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നെങ്കിൽ അയാൾ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു നഷ്ടമാകും; എന്റെ അനുയായി ആയതുനിമിത്തം സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു നേടുകതന്നെ ചെയ്യും. ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വന്തം ജീവൻ കൈമോശംവരുത്തിയാൽ അയാൾക്ക് എന്തു പ്രയോജനം? അഥവാ, ഒരാൾക്ക് തന്റെ ജീവന്റെ വിലയായി എന്തു പകരം കൊടുക്കാൻ കഴിയും? മനുഷ്യപുത്രൻ തന്റെ പിതാവിന്റെ തേജസ്സോടെ അവിടത്തെ ദൂതരുമൊത്തു വരും. അപ്പോൾ അവിടന്ന് ഓരോ വ്യക്തിക്കും അവരവരുടെ പ്രവൃത്തിക്ക് അനുസൃതമായ പ്രതിഫലം കൊടുക്കും. “ഞാൻ നിങ്ങളോടു പറയട്ടെ, മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുന്നതിനുമുമ്പ് ഇവിടെ നിൽക്കുന്നവരിൽ ചിലർ മരണം ആസ്വദിക്കുകയില്ല, നിശ്ചയം.”