പരീശന്മാരും സദൂക്യരും യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തെ പരീക്ഷിക്കുന്നതിന്, സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. യേശു അവരോട്, “സൂര്യാസ്തമയസമയത്ത്, ആകാശം ചെമന്നിരുന്നാൽ ‘കാലാവസ്ഥ നല്ലതെന്നും’ സൂര്യോദയത്തിൽ, ആകാശം ചെമന്നും ഇരുണ്ടും ഇരുന്നാൽ ഇന്ന് ‘കൊടുങ്കാറ്റുണ്ടാകും എന്നും’ നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം; എന്നാൽ, ഈ കാലഘട്ടത്തിന്റെ ലക്ഷണങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് കഴിയുന്നതുമില്ല. ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ ചിഹ്നം ആവശ്യപ്പെടുന്നു. എന്നാൽ, യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല” എന്ന് ഉത്തരം പറഞ്ഞു. യേശു പിന്നെ അവരെ വിട്ട് അവിടെനിന്ന് പോയി. അവർ തടാകത്തിന്റെ അക്കരയ്ക്ക് പോയപ്പോൾ, ശിഷ്യന്മാർ അപ്പം എടുക്കാൻ മറന്നുപോയി. യേശു അവരോട്, “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവ് സൂക്ഷിക്കുക” എന്നു പറഞ്ഞു. “നാം അപ്പം കൊണ്ടുവരാത്തതിനാലായിരിക്കാം അങ്ങനെ പറഞ്ഞത്,” എന്നു പറഞ്ഞ് അവർ പരസ്പരം ചർച്ചചെയ്തു. അവരുടെ സംഭാഷണം മനസ്സിലാക്കിയിട്ട് യേശു ചോദിച്ചു, “അൽപ്പവിശ്വാസികളേ, അപ്പം എടുത്തില്ലെന്നതിനെക്കുറിച്ച് നിങ്ങൾ പരസ്പരം ചർച്ചചെയ്യുന്നതെന്ത്? നിങ്ങൾ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലേ? അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ബാക്കി വന്നത് എത്ര കുട്ട നിറയെ എന്നും ഏഴ് അപ്പംകൊണ്ട് നാലായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ബാക്കി എത്ര കുട്ട നിറച്ചെടുത്തു എന്നതും നിങ്ങൾ ഓർക്കുന്നില്ലേ? എന്നാൽ ‘പരീശന്മാരുടെയും സദൂക്യരുടെയും പുളിപ്പുള്ള മാവ് സൂക്ഷിക്കുക’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് അപ്പത്തിന്റെ കാര്യത്തെക്കുറിച്ചല്ലെന്ന് നിങ്ങൾ മനസ്സിലാക്കാത്തതെന്ത്?” അപ്പോഴാണ്, ജാഗ്രത പുലർത്തണമെന്ന് യേശു പറഞ്ഞുകൊണ്ടിരുന്നത് അപ്പത്തിന് ഉപയോഗിക്കുന്ന പുളിപ്പിനെക്കുറിച്ചല്ല, പിന്നെയോ പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശത്തെ സംബന്ധിച്ചാണ് എന്നു ശിഷ്യന്മാർക്ക് മനസ്സിലായത്. യേശു കൈസര്യ-ഫിലിപ്പി പ്രദേശത്ത് എത്തിയപ്പോൾ തന്റെ ശിഷ്യന്മാരോട്, “മനുഷ്യപുത്രൻ ആരാകുന്നു എന്നാണ് ജനങ്ങൾ പറയുന്നത്?” എന്നു ചോദിച്ചു. അതിനു ശിഷ്യന്മാർ, “യോഹന്നാൻസ്നാപകൻ എന്നു ചിലരും ഏലിയാവ് എന്നു മറ്റുചിലരും യിരെമ്യാവോ മറ്റു പ്രവാചകന്മാരിൽ ഒരാളോ എന്ന് വേറെ ചിലരും പറയുന്നു” എന്ന് ഉത്തരം പറഞ്ഞു. “എന്നാൽ നിങ്ങളോ?” യേശു ആരാഞ്ഞു, “ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?” “അങ്ങ് ജീവനുള്ള ദൈവത്തിന്റെ പുത്രൻ, ക്രിസ്തു ആകുന്നു,” എന്ന് ശിമോൻ പത്രോസ് പ്രതിവചിച്ചു. യേശു അതിനു മറുപടി പറഞ്ഞത്, “യോനായുടെ മകൻ ശിമോനേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; മനുഷ്യരല്ല ഇത് നിനക്ക് വെളിപ്പെടുത്തിയത്, പിന്നെയോ എന്റെ സ്വർഗസ്ഥപിതാവാണ്. ഞാൻ നിന്നോടു പറയുന്നു: നീ പത്രോസ് ആകുന്നു, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; നരകകവാടങ്ങൾ അതിനെ ജയിച്ചടക്കുക അസാധ്യം. സ്വർഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരും; നീ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.” പിന്നെ, താൻ ക്രിസ്തു ആകുന്നു എന്ന് ആരോടും പറയരുത് എന്ന ആജ്ഞയും ശിഷ്യന്മാർക്ക് നൽകി.
മത്തായി 16 വായിക്കുക
കേൾക്കുക മത്തായി 16
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 16:1-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ