മത്തായി 15:1-20

മത്തായി 15:1-20 MCV

അതിനുശേഷം ജെറുശലേമിൽനിന്ന് ചില പരീശന്മാരും വേദജ്ഞരും യേശുവിന്റെ അടുക്കൽവന്ന്, “അങ്ങയുടെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം ലംഘിക്കുന്നതെന്ത്? അവർ ആഹാരം കഴിക്കുന്നതിനുമുമ്പ് കൈ കഴുകുന്നില്ലല്ലോ!” എന്നു ചോദിച്ചു. അതിന് യേശു ചോദിച്ച മറുചോദ്യം: “നിങ്ങളുടെ പാരമ്പര്യം അനുവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾ ദൈവകൽപ്പന ലംഘിക്കുന്നതെന്ത്? ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’ എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷനൽകണം’ എന്നും ദൈവം കൽപ്പിച്ചിരിക്കുന്നു. എന്നാൽ നിങ്ങൾ: ‘ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ, ഞാൻ നിങ്ങൾക്കു നൽകേണ്ട സഹായം ദൈവത്തിനുള്ള വഴിപാടായി നേർന്നുപോയല്ലോ’ എന്നു പറഞ്ഞാൽ, അയാൾ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതില്ല എന്നല്ലേ. ഇങ്ങനെയായാൽ അയാൾ പിന്നെ ‘മാതാപിതാക്കളെ ആദരിക്കേണ്ടതില്ല’ എന്നും നിങ്ങൾ പറയുന്നു. ഈ വിധത്തിൽ, നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പന അസാധുവാക്കുകയല്ലേ? കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ചു പ്രവചിച്ചത് എത്ര കൃത്യമായിരിക്കുന്നു: “ ‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു; അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു. അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു; അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’” പിന്നെ യേശു ജനക്കൂട്ടത്തെ തന്റെ അടുത്തേക്കു വിളിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: “ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക. മനുഷ്യന്റെ വായിലേക്കു ചെല്ലുന്നതല്ല, പിന്നെയോ വായിൽനിന്ന് പുറപ്പെടുന്നതാണ് ആ വ്യക്തിയെ ‘അശുദ്ധമാക്കുന്നത്.’ ” അപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തെ സമീപിച്ച്, “ഈ വചനം പരീശന്മാരെ പ്രകോപിതരാക്കിയിരിക്കുന്നു എന്ന് അങ്ങ് അറിയുന്നോ?” എന്നു ചോദിച്ചു. യേശു അതിനുത്തരം പറഞ്ഞത്: “എന്റെ സ്വർഗസ്ഥപിതാവു നട്ടിട്ടില്ലാത്ത എല്ലാ തൈയും വേരോടെ പിഴുതുനീക്കപ്പെടും. അവരെ ഗൗനിക്കേണ്ടതില്ല; അവർ അന്ധരായ വഴികാട്ടികൾ ആകുന്നു. ഒരന്ധൻ മറ്റൊരന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും.” “ആ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരണമേ,” പത്രോസ് അപേക്ഷിച്ചു. “നിങ്ങൾ ഇപ്പോഴും ഇത്ര ബുദ്ധിഹീനരോ?” യേശു അവരോടു ചോദിച്ചു. “വായിലേക്കു ചെല്ലുന്നതെന്തും വയറ്റിൽ എത്തിയതിനുശേഷം ശരീരത്തിൽനിന്ന് പുറത്തുപോകുന്നെന്ന് അറിയാമല്ലോ. എന്നാൽ, വായിൽനിന്ന് വരുന്നവയാകട്ടെ, ഹൃദയത്തിൽനിന്ന് വരുന്നവയാകുന്നു; അവയാണ് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നത്. വഷളവിചാരങ്ങൾ, കൊലപാതകം, വ്യഭിചാരം, ലൈംഗികാധർമം, മോഷണം, കള്ളസാക്ഷ്യം, അന്യരെ നിന്ദിക്കൽ എന്നിവ ഹൃദയത്തിൽനിന്നു വരുന്നു; ഇവയെല്ലാമാണ് ഒരു വ്യക്തിയെ അശുദ്ധമാക്കുന്നത്; എന്നാൽ കഴുകാത്ത കൈകൊണ്ട് ആഹാരം ഭക്ഷിക്കുന്നത് ഒരു വ്യക്തിയെ അശുദ്ധമാക്കുകയില്ല.”