മത്തായി 14:22-29

മത്തായി 14:22-29 MCV

യേശു ജനക്കൂട്ടത്തെ യാത്രയയയ്ക്കുന്നതിനിടയിൽ, തനിക്കുമുമ്പേ ശിഷ്യന്മാർ വള്ളത്തിൽ കയറി അക്കരയ്ക്കു പോകാൻ അവരെ നിർബന്ധിച്ചു. ജനത്തെ യാത്രയയച്ചതിനുശേഷം അദ്ദേഹം പ്രാർഥിക്കുന്നതിന് ഏകനായി ഒരു മലയിലേക്ക് കയറിപ്പോയി. അദ്ദേഹം ആ രാത്രിയിൽ അവിടെ തനിച്ചായിരുന്നു. അപ്പോൾ വള്ളം കരയിൽനിന്ന് വളരെദൂരം പോയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാൽ വള്ളം തിരകളാൽ ആടിയുലയുകയുമായിരുന്നു. രാത്രി മൂന്നുമണിക്കുശേഷം യേശു തടാകത്തിനുമീതേകൂടി നടന്ന് ശിഷ്യന്മാരുടെ അടുക്കൽ എത്തി. അദ്ദേഹം തടാകത്തിന്റെ മീതേ നടക്കുന്നതുകണ്ട് ശിഷ്യന്മാർ ഭയവിഹ്വലരായി, “അയ്യോ, ഭൂതം!” എന്നു പറഞ്ഞ് ഭയന്ന് അവർ അലമുറയിട്ടു. ഉടനെതന്നെ യേശു അവരോടു പറഞ്ഞു, “ധൈര്യപ്പെടുക, ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.” അപ്പോൾ പത്രോസ്, “കർത്താവേ, അത് അങ്ങ് ആകുന്നെങ്കിൽ, ഞാൻ വെള്ളത്തിനുമീതേ നടന്ന് അങ്ങയുടെ അടുത്തെത്താൻ കൽപ്പിക്കണമേ” എന്നപേക്ഷിച്ചു. “വരിക,” അദ്ദേഹം പറഞ്ഞു. അപ്പോൾ പത്രോസ് വള്ളത്തിൽനിന്ന് ഇറങ്ങി വെള്ളത്തിനുമീതേകൂടി യേശുവിന്റെ അടുത്തേക്കു നടന്നു.