മത്തായി 13:47-58

മത്തായി 13:47-58 MCV

“യേശു പിന്നെയും, എല്ലാത്തരം മത്സ്യത്തെയും പിടിക്കാനായി തടാകത്തിൽ ഇറക്കിയ ഒരു വലയോട് സ്വർഗരാജ്യത്തെ ഉപമിക്കാം. വല നിറഞ്ഞപ്പോൾ അവർ അതു കരയിലേക്ക് വലിച്ചടുപ്പിച്ചു. അവർ ഇരുന്ന് നല്ല മത്സ്യം കുട്ടകളിൽ ശേഖരിക്കുകയും ഉപയോഗശൂന്യമായവ എറിഞ്ഞുകളയുകയും ചെയ്തു. യുഗാന്ത്യത്തിലും ഇതുപോലെ സംഭവിക്കും. ദൂതന്മാർ വന്ന് നീതിനിഷ്ഠർക്കിടയിൽനിന്ന് ദുഷ്ടരെ വേർതിരിച്ച് കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. “നിങ്ങൾ ഈ കാര്യങ്ങളെല്ലാം ഗ്രഹിച്ചുവോ?” യേശു ശിഷ്യന്മാരോട് ചോദിച്ചു. “ഗ്രഹിച്ചു,” അവർ പ്രതിവചിച്ചു. അദ്ദേഹം തുടർന്ന് അവരോട്, “സ്വർഗരാജ്യത്തിനു ശിഷ്യനായിത്തീർന്ന ഓരോ വേദജ്ഞനും തന്റെ നിക്ഷേപങ്ങളിൽനിന്ന് പഴയതും പുതിയതും എടുത്തുകൊടുക്കുന്ന ഒരു വീട്ടുടമസ്ഥന് തുല്യനാണ്” എന്നു പറഞ്ഞു. ഈ സാദൃശ്യകഥകൾ പറഞ്ഞതിനുശേഷം യേശു അവിടെനിന്നു യാത്രയായി സ്വന്തം പട്ടണത്തിലെത്തി; അവരുടെ പള്ളിയിൽവെച്ച് ജനത്തെ ഉപദേശിച്ചുതുടങ്ങി. “ഈ ജ്ഞാനവും അത്ഭുതശക്തികളും ഇയാൾക്ക് എവിടെനിന്നു ലഭിച്ചു?” അവർ ആശ്ചര്യപ്പെട്ടു. “ഇയാൾ ആ മരപ്പണിക്കാരന്റെ മകനല്ലേ? ഇയാളുടെ മാതാവിന്റെ പേര് മറിയ എന്നല്ലേ? യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നിവർ ഇയാളുടെ സഹോദരന്മാരല്ലേ? ഇയാളുടെ സഹോദരിമാരും നമ്മോടൊപ്പം ഉണ്ടല്ലോ. പിന്നെ, ഇതെല്ലാം ഇയാൾക്ക് എവിടെനിന്നു ലഭിച്ചു?” എന്ന് അവർ ചോദിച്ചു. യേശുവിനെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ യേശു അവരോട്: “ഒരു പ്രവാചകൻ ആദരണീയനല്ലാത്തത് സ്വന്തം പട്ടണത്തിലും സ്വന്തം ഭവനത്തിലുംമാത്രമാണ്” എന്നു പറഞ്ഞു. അവരുടെ വിശ്വാസരാഹിത്യം നിമിത്തം യേശു അവിടെ അധികം അത്ഭുതങ്ങൾ പ്രവർത്തിച്ചില്ല.