മത്തായി 13:36-46

മത്തായി 13:36-46 MCV

അതിനുശേഷം ജനക്കൂട്ടത്തെ യാത്രയയച്ചിട്ട് യേശു ഭവനത്തിലേക്ക് പോയി. ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “വയലിലെ കളയുടെ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരാമോ” എന്നു ചോദിച്ചു. യേശു അതിനുത്തരം പറഞ്ഞത്: “മനുഷ്യപുത്രൻ നല്ല വിത്ത് വിതയ്ക്കുന്ന കർഷകനാണ്. വയൽ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകൾ പിശാചിന്റെ പുത്രന്മാരും ആകുന്നു. കള വിതയ്ക്കുന്ന ശത്രു പിശാചുതന്നെ. വിളവെടുപ്പ് യുഗാവസാനമാകുന്നു. കൊയ്ത്തുകാർ ദൂതന്മാരും ആകുന്നു. “കളകൾ പിഴുതെടുത്ത് അഗ്നിക്ക് ഇരയാക്കുന്നതുപോലെ യുഗാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ നിയോഗിക്കും. അവർ അദ്ദേഹത്തിന്റെ രാജ്യത്തുനിന്ന് പാപകാരണമായ സകലതും, അധർമം പ്രവർത്തിക്കുന്ന എല്ലാവരെയും, ഉന്മൂലനംചെയ്യും. അവർ അവരെ കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. അപ്പോൾ നീതിനിഷ്ഠർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ! “വയലിൽ ഒളിച്ചുവെച്ച നിധിയോട് സ്വർഗരാജ്യത്തെ ഉപമിക്കാം; അത് ഒരു മനുഷ്യൻ കണ്ട് മറച്ചുവെച്ചു. പിന്നെ ആഹ്ലാദത്തോടെ പോയി, തനിക്കുണ്ടായിരുന്നതെല്ലാം വിറ്റ് ആ വയൽ വാങ്ങി. “ഇനിയും സ്വർഗരാജ്യത്തെ നല്ല രത്നങ്ങൾ അന്വേഷിക്കുന്ന വ്യാപാരിയോട് ഉപമിക്കാം. അയാൾ വിലയേറിയ ഒരു രത്നം കണ്ടിട്ട് പോയി തനിക്കുള്ള സർവതും വിറ്റ് അതു വാങ്ങി.