“കർഷകന്റെ സാദൃശ്യകഥയുടെ അർഥം ശ്രദ്ധിക്കുക: ഒരാൾ സ്വർഗരാജ്യത്തിന്റെസന്ദേശം കേൾക്കുന്നു. പക്ഷേ, അത് ഗ്രഹിക്കുന്നില്ല. അപ്പോൾ പിശാച് വന്ന്, അയാളുടെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് അപഹരിക്കുന്നു. ഇതാണ് വഴിയോരത്ത് വിതയ്ക്കപ്പെട്ട വിത്ത്. പാറസ്ഥലത്ത് വിതയ്ക്കപ്പെട്ട വിത്തു പ്രതിനിധാനംചെയ്യുന്നത്, വചനം കേൾക്കുകയും ഉടനെതന്നെ അത് ആനന്ദത്തോടെ സ്വീകരിക്കുകയുംചെയ്യുന്ന വ്യക്തികളെയാണ്. എന്നാൽ, അവർക്ക് ആഴത്തിൽ വേരില്ലായ്കയാൽ അധികനാൾ നിലനിൽക്കുകയില്ല. വചനംനിമിത്തം കഷ്ടതയോ ഉപദ്രവമോ ഉണ്ടാകുമ്പോൾ അവർ വേഗം വിശ്വാസം ത്യജിച്ചുകളയുന്നു. മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ട വിത്ത് വചനം കേൾക്കുന്ന വ്യക്തികളാണ്, എന്നാൽ, ഈ ജീവിതത്തിലെ ആകുലതകളും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കിത്തീർക്കുന്നു. നല്ല മണ്ണിൽ വിതയ്ക്കപ്പെട്ട വിത്താകട്ടെ, വചനം കേൾക്കുകയും ഗ്രഹിക്കുകയുംചെയ്യുന്നവരാണ്. അവ നൂറും അറുപതും മുപ്പതും മടങ്ങ് വിളവുനൽകുകയുംചെയ്യുന്നു.” യേശു മറ്റൊരു സാദൃശ്യകഥ അവരോടു പറഞ്ഞു: “തന്റെ വയലിൽ നല്ല വിത്ത് വിതച്ച ഒരു കർഷകനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. എന്നാൽ, എല്ലാവരും ഉറങ്ങുമ്പോൾ തന്റെ ശത്രു വന്ന് ഗോതമ്പിനിടയിൽ കള വിതച്ചിട്ടു പൊയ്ക്കളഞ്ഞു. വിത്ത് പൊട്ടിമുളച്ച്, ചെടി വളർന്ന്, കതിരിട്ടപ്പോൾ കളയും കാണപ്പെട്ടു. “വേലക്കാർ ഉടമസ്ഥന്റെ അടുക്കൽവന്ന്, ‘യജമാനനേ, അങ്ങു നല്ല വിത്തല്ലയോ വയലിൽ വിതച്ചത്? പിന്നെ, കളകൾ എങ്ങനെ വന്നു?’ എന്നു ചോദിച്ചു. “ ‘ഇത് ശത്രു ചെയ്തതാണ്,’ അദ്ദേഹം ഉത്തരം പറഞ്ഞു. “വേലക്കാർ അദ്ദേഹത്തോട്, ‘ഞങ്ങൾ ചെന്ന് കള പറിച്ചുകൂട്ടട്ടെയോ?’ എന്നു ചോദിച്ചു. “യജമാനൻ അവരോടു പറഞ്ഞത്: ‘വേണ്ടാ, നിങ്ങൾ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും. കൊയ്ത്തുവരെ രണ്ടും ഒരുമിച്ചു വളരട്ടെ. വിളവെടുപ്പിനു സമയമാകട്ടെ, അന്നു ഞാൻ കൊയ്ത്തുകാരോട്: ആദ്യം കളകൾ പറിച്ചു ചുട്ടുകളയേണ്ടതിന് കറ്റകളാക്കി കെട്ടുക, പിന്നെ ഗോതമ്പു ശേഖരിച്ച് എന്റെ കളപ്പുരയിലേക്കു കൊണ്ടുവരിക’ എന്നും പറയും.” യേശു അവരോടു മറ്റൊരു സാദൃശ്യകഥ പറഞ്ഞു: “ഒരു കർഷകൻ എടുത്ത് തന്റെ പുരയിടത്തിൽ നട്ട കടുകുമണിയോടു സ്വർഗരാജ്യത്തെ ഉപമിക്കാം. അത് എല്ലാ വിത്തുകളിലും ചെറുതെങ്കിലും വളർന്ന് തോട്ടത്തിലെ ചെടികളിൽ ഏറ്റവും വലിയ ഒരു വൃക്ഷമായി; ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവെക്കുകയുംചെയ്യുന്നു.” അദ്ദേഹം പിന്നെയും അവരോട് വേറൊരു സാദൃശ്യകഥ പറഞ്ഞു: “മൂന്നുപറ മാവ് മുഴുവനും പുളിച്ചുപൊങ്ങാനായി അതിൽ ഒരു സ്ത്രീ ചേർത്തുവെച്ച പുളിപ്പിനു സമാനമാണ് സ്വർഗരാജ്യം.” യേശു ജനക്കൂട്ടത്തോട് ഈ കാര്യങ്ങളെല്ലാം സംസാരിച്ചത് സാദൃശ്യകഥകളിലൂടെയാണ്; സാദൃശ്യകഥകളിലൂടെയല്ലാതെ അദ്ദേഹം പൊതുജനത്തോട് ഒരു കാര്യവും സംസാരിച്ചില്ല.
മത്തായി 13 വായിക്കുക
കേൾക്കുക മത്തായി 13
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 13:18-34
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ