മത്തായി 12:7-21

മത്തായി 12:7-21 MCV

‘യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്,’ എന്നതിന്റെ അർഥം മനസ്സിലാക്കിയിരുന്നെങ്കിൽ നിരപരാധികൾക്കുമേൽ നിങ്ങൾ കുറ്റം ആരോപിക്കുകയില്ലായിരുന്നു. കാരണം, മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്.” ആ സ്ഥലത്തുനിന്നു പുറപ്പെട്ട് അദ്ദേഹം യെഹൂദപ്പള്ളിയിൽ ചെന്നു. കൈ ശോഷിച്ച ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. യേശുവിൽ കുറ്റം ആരോപിക്കാൻ പഴുതുതേടിക്കൊണ്ട് അവർ അദ്ദേഹത്തോട്, “ശബ്ബത്തുനാളിൽ സൗഖ്യമാക്കുന്നത് അനുവദനീയമോ?” എന്നു ചോദിച്ചു. യേശു അവരോട്, “നിങ്ങളിൽ ആരുടെയെങ്കിലും ഒരു ആട് ശബ്ബത്തുനാളിൽ കുഴിയിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ അതിനെ അവിടെനിന്നു കയറ്റുകയില്ലേ? ആടിനെക്കാൾ മനുഷ്യൻ എത്രയോ മൂല്യവാൻ! അതുകൊണ്ട്, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതാണ് നിയമവിധേയം” എന്നു പറഞ്ഞു. അതിനുശേഷം യേശു കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ കൈനീട്ടി; ഉടനെ അതു മറ്റേ കൈപോലെ പൂർണ ആരോഗ്യമുള്ളതായി. അപ്പോൾ പരീശന്മാർ അവിടെനിന്ന് പുറപ്പെട്ട് യേശുവിനെ എങ്ങനെ വധിക്കാൻ കഴിയും എന്ന് ഗൂഢാലോചന നടത്തി. ഈ വസ്തുത മനസ്സിലാക്കി യേശു ആ സ്ഥലത്തുനിന്ന് പിൻവാങ്ങി. വലിയൊരു ജനസഞ്ചയം അദ്ദേഹത്തെ അനുഗമിച്ചു; രോഗബാധിതരായ എല്ലാവരെയും അദ്ദേഹം സൗഖ്യമാക്കി. താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അവിടന്ന് അവർക്കു മുന്നറിയിപ്പു നൽകി. ഇത് യെശയ്യാപ്രവാചകനിലൂടെ അറിയിച്ച അരുളപ്പാട് നിറവേറുന്നതിനായിരുന്നു: “ഇതാ, ഞാൻ തെരഞ്ഞെടുത്ത എന്റെ ദാസൻ; ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയൻ. ഞാൻ എന്റെ ആത്മാവിനെ അവന് നൽകും. അവൻ രാഷ്ട്രങ്ങൾക്കു ന്യായം പ്രഖ്യാപിക്കും; അവൻ ശണ്ഠയിടുകയോ ഉറക്കെ നിലവിളിക്കുകയോ ഇല്ല; തെരുവീഥികളിൽ ആരും അവന്റെ ശബ്ദം കേൾക്കുകയില്ല. ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല; പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല. അവൻ ന്യായത്തെ വിജയത്തിലേക്കു നയിക്കും. അവന്റെ നാമത്തിൽ യെഹൂദേതരർ പ്രത്യാശ അർപ്പിക്കും.”