അതിനുശേഷം യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ അടുക്കൽ വിളിച്ച് ദുരാത്മാക്കളെ പുറത്താക്കാനും എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കാനും അവർക്ക് അധികാരംനൽകി. പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരുകൾ ഇവയാണ്: ഒന്നാമൻ പത്രോസ് എന്ന് യേശു വിളിച്ച ശിമോൻ, അയാളുടെ സഹോദരൻ അന്ത്രയോസ്; സെബെദിയുടെ മകനായ യാക്കോബ്, അയാളുടെ സഹോദരൻ യോഹന്നാൻ; ഫിലിപ്പൊസ്, ബർത്തൊലൊമായി; തോമസ്, നികുതിപിരിവുകാരനായ മത്തായി; അല്‌ഫായിയുടെ മകനായ യാക്കോബ്, തദ്ദായി; കനാന്യനായ ശിമോൻ, യേശുവിനെ ഒറ്റിക്കൊടുത്ത ഈസ്കര്യോത്ത് യൂദാ. യേശു ഈ നിർദേശങ്ങൾ നൽകി പന്ത്രണ്ട് അപ്പൊസ്തലന്മാരെ അയച്ചു: “നിങ്ങൾ യെഹൂദേതരരുടെ മധ്യത്തിലേക്കു പോകുകയോ ശമര്യരുടെ ഏതെങ്കിലും പട്ടണത്തിൽ പ്രവേശിക്കയോ ചെയ്യരുത്. പിന്നെയോ, ഇസ്രായേലിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കുതന്നെ ചെല്ലുക. ‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു,’ എന്ന സന്ദേശം നിങ്ങൾ പോയി വിളംബരംചെയ്യുക. രോഗികളെ സൗഖ്യമാക്കുക, മരിച്ചവരെ ഉയിർപ്പിക്കുക, കുഷ്ഠരോഗികളെ ശുദ്ധരാക്കുക, ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങൾക്കു ലഭിച്ചിരിക്കുന്നു; സൗജന്യമായിത്തന്നെ നൽകുക. “നിങ്ങളുടെ മടിശ്ശീലയിൽ സ്വർണം, വെള്ളി, ചെമ്പ് ഇവകൊണ്ടുള്ള നാണയങ്ങൾ കരുതിവെക്കരുത്; സഞ്ചിയോ രണ്ട് വസ്ത്രമോ ചെരിപ്പോ വടിയോ കൊണ്ടുപോകരുത്; ജോലിക്കാരൻ തന്റെ കൂലിക്ക് അർഹനല്ലോ. നിങ്ങൾ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ അവിടെ യോഗ്യനായി ആരുണ്ടെന്ന് അന്വേഷിക്കുക; ആ സ്ഥലത്തുനിന്ന് പോകുന്നതുവരെ അയാളുടെ ഭവനത്തിൽത്തന്നെ താമസിക്കുക.
മത്തായി 10 വായിക്കുക
കേൾക്കുക മത്തായി 10
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 10:1-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ