പിറ്റേദിവസം അവർ മലയിൽനിന്നിറങ്ങിവന്നപ്പോൾ വലിയൊരു ജനസമൂഹം യേശുവിനെ എതിരേറ്റു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മനുഷ്യൻ നിലവിളിച്ചുകൊണ്ട് പറഞ്ഞത്: “ഗുരോ, എന്റെ മകനെ കടാക്ഷിക്കണമേ എന്നു ഞാൻ കെഞ്ചുകയാണ്. അവൻ എന്റെ ഒരേയൊരു മകൻ; ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു, അത് ആവേശിച്ചാലുടൻതന്നെ അവൻ അലറിവിളിക്കുന്നു. അത് അവനെ നിലത്തുവീഴ്ത്തി പുളയ്ക്കുകയും വായിലൂടെ നുരയും പതയും വരുത്തുകയുംചെയ്യുന്നു. അത് അവനെ വിട്ടൊഴിയാതെ ബാധിച്ചിരിക്കുകയാണ്. ആ ദുരാത്മാവിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോടപേക്ഷിച്ചു; എന്നാൽ അവർക്കതു കഴിഞ്ഞില്ല.”
അതിന് യേശു, “അവിശ്വാസവും വക്രതയുമുള്ള തലമുറയേ, എത്രനാൾ ഞാൻ നിങ്ങളോടുകൂടെ വസിക്കുകയും നിങ്ങളെ സഹിക്കുകയും ചെയ്യും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക” എന്നു പറഞ്ഞു.
ആ ബാലൻ മുന്നോട്ടു വന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ ഭൂതം അവനെ നിലത്തുവീഴ്ത്തി പുളയിച്ചു. യേശു ആ ദുരാത്മാവിനെ ശാസിച്ച് ബാലനെ സൗഖ്യമാക്കി പിതാവിനെ ഏൽപ്പിച്ചു. എല്ലാവരും ദൈവത്തിന്റെ മഹാശക്തികണ്ട് വിസ്മയഭരിതരായി.
യേശുവിന്റെ എല്ലാ പ്രവൃത്തികളെക്കുറിച്ചും ജനം വിസ്മയഭരിതരായിരിക്കുമ്പോൾ, അദ്ദേഹം ശിഷ്യന്മാരോട്, “ഇനി ഞാൻ നിങ്ങളോടു പറയുന്നത് അതീവശ്രദ്ധയോടെ കേൾക്കുക: മനുഷ്യപുത്രൻ (ഞാൻ) മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും” എന്നു പറഞ്ഞു. എന്നാൽ, ഈ പറഞ്ഞതിന്റെ അർഥം ശിഷ്യന്മാർ ഗ്രഹിച്ചില്ല, ഗ്രഹിക്കാൻ കഴിയാത്തവിധത്തിൽ അത് അവർക്ക് ഗോപ്യമായിരുന്നു, അതേപ്പറ്റി അദ്ദേഹത്തോടു ചോദിക്കാൻ അവർ ഭയപ്പെട്ടു.
ശിഷ്യന്മാരിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ് എന്നതിനെപ്പറ്റി ഒരു തർക്കം അവരുടെ ഇടയിൽ ഉണ്ടായി. യേശു അവരുടെ ചിന്തകൾ മനസ്സിലാക്കിയിട്ട് ഒരു ശിശുവിനെ എടുത്ത് തന്റെ അടുക്കൽ നിർത്തി; പിന്നെ അവരോട്, “ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന ഏതൊരാളും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നയാൾ എന്നെ അയച്ച ദൈവത്തെ സ്വീകരിക്കുന്നു. നിങ്ങളിൽ എല്ലാവരിലും ഏറ്റവും ചെറിയവനാണ് ഏറ്റവും ശ്രേഷ്ഠൻ.” എന്നു പറഞ്ഞു.
“പ്രഭോ, ഒരു മനുഷ്യൻ അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു. അയാൾ ഞങ്ങളോടുകൂടെ അങ്ങയെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങൾ അയാളെ വിലക്കി,” എന്നു യോഹന്നാൻ പറഞ്ഞു.
“അയാളെ തടയരുത്” യേശു പ്രതിവചിച്ചു, “നിങ്ങൾക്കു പ്രതികൂലമല്ലാത്തയാൾ നിങ്ങൾക്ക് അനുകൂലമാണ്.”
തന്റെ സ്വർഗാരോഹണത്തിനുള്ള സമയം സമീപിച്ചപ്പോൾ യേശു നിശ്ചയദാർഢ്യത്തോടെ ജെറുശലേമിലേക്കു യാത്രയായി. അപ്പോൾത്തന്നെ അദ്ദേഹം തനിക്കുമുമ്പേ സന്ദേശവാഹകന്മാരെ അയച്ചു; അവർ അദ്ദേഹത്തിനുവേണ്ടി ഒരുക്കങ്ങൾ ചെയ്യുന്നതിനു ശമര്യരുടെ ഒരു ഗ്രാമത്തിൽ ചെന്നു. എന്നാൽ, അദ്ദേഹത്തിന്റെ യാത്ര ജെറുശലേം ലക്ഷ്യമാക്കിയായിരുന്നതുകൊണ്ട് ആ ഗ്രാമവാസികൾക്ക് യേശുവിനെ സ്വീകരിക്കാൻ മനസ്സുണ്ടായില്ല. ഇതു കണ്ടിട്ട്, ശിഷ്യന്മാരായ യാക്കോബും യോഹന്നാനും, “കർത്താവേ, ഏലിയാവു ചെയ്തതുപോലെ ആകാശത്തിൽനിന്ന് തീ ഇറക്കി ഞങ്ങൾ ഇവരെ ചാമ്പലാക്കട്ടേ?” എന്നു ചോദിച്ചു. എന്നാൽ യേശു അവർക്കുനേരേ തിരിഞ്ഞ് അവരെ ശാസിച്ചു, “ഏതാത്മാവാണ് നിങ്ങളെ ഭരിക്കുന്നതെന്ന് നിങ്ങൾ അറിയുന്നില്ല; മനുഷ്യരുടെ ജീവനെ ഹനിക്കാനല്ല, രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്” എന്നു പറഞ്ഞു. പിന്നെ അവർ മറ്റൊരു ഗ്രാമത്തിലേക്കു യാത്രയായി.
അവർ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മനുഷ്യൻ അദ്ദേഹത്തോട്, “അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കാം” എന്നു പറഞ്ഞു.
അതിന് യേശു, “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്, എന്നാൽ മനുഷ്യപുത്രനോ തലചായ്‌ക്കാൻ ഇടമില്ല” എന്നു മറുപടി പറഞ്ഞു.
അദ്ദേഹം മറ്റൊരു വ്യക്തിയോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു.
എന്നാൽ അയാൾ, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിന്റെ ശവസംസ്കാരം നടത്താൻ അനുവദിച്ചാലും!” എന്നപേക്ഷിച്ചു.
എന്നാൽ യേശു അയാളോട്, “മരിച്ചവർ അവരവരുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീയോ പോയി ദൈവരാജ്യം വിളംബരംചെയ്യുക” എന്നു പറഞ്ഞു.
വേറൊരാൾ, “കർത്താവേ, ഞാൻ അങ്ങയെ അനുഗമിക്കാം; എന്നാൽ, ഞാൻ ഒന്നാമത് എന്റെ കുടുംബാംഗങ്ങളോടു യാത്രപറയാൻ അനുവദിക്കേണം” എന്നു പറഞ്ഞു.
യേശു മറുപടിയായി, “കലപ്പയ്ക്കു കൈവെച്ചശേഷം പിറകോട്ടു നോക്കുന്നവരാരും ദൈവരാജ്യത്തിനു യോഗ്യരല്ല” എന്നു പറഞ്ഞു.