യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ നിയോഗിക്കുമ്പോൾ, ഭൂതങ്ങളെ പുറത്താക്കാനും രോഗങ്ങൾ സൗഖ്യമാക്കാനും അവർക്കു ശക്തിയും അധികാരവും നൽകിയിരുന്നു. ദൈവരാജ്യം ഘോഷിക്കാനും രോഗികൾക്കു സൗഖ്യം നൽകാനും അവർക്ക് ആജ്ഞ നൽകി അയച്ചു. അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്: “യാത്രയ്ക്കു വടിയോ സഞ്ചിയോ ആഹാരമോ പണമോ ഒന്നിലധികം വസ്ത്രമോ എടുക്കരുത്. നിങ്ങൾക്ക് ഏതെങ്കിലും ഭവനത്തിൽ പ്രവേശനം ലഭിച്ചാൽ ആ സ്ഥലം വിട്ടുപോകുംവരെ അതേ ഭവനത്തിൽത്തന്നെ താമസിക്കുക. നിങ്ങൾക്ക് സ്വാഗതം നിഷേധിക്കുന്നിടത്ത് ആ പട്ടണം വിട്ടുപോകുമ്പോൾ, പട്ടണവാസികൾക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക.” ഇതനുസരിച്ച് അപ്പൊസ്തലന്മാർ എല്ലായിടത്തും സുവിശേഷം പ്രഘോഷിച്ചും രോഗസൗഖ്യംനൽകിയും ഗ്രാമംതോറും സഞ്ചരിച്ചു. ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ് ഈ സംഭവങ്ങളെല്ലാം അറിഞ്ഞു. യോഹന്നാൻസ്നാപകൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു ചിലരും, ഏലിയാപ്രവാചകൻ വീണ്ടും പ്രത്യക്ഷനായിരിക്കുന്നു എന്നു മറ്റുചിലരും, പുരാതന പ്രവാചകന്മാരിൽ ഒരാൾ ജീവിച്ചെഴുന്നേറ്റിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞുകൊണ്ടിരുന്നതിനാൽ ഹെരോദാവ് പരിഭ്രാന്തനായി. “ഞാൻ യോഹന്നാനെ ശിരച്ഛേദംചെയ്തു. പിന്നെ ഈ വിധ കാര്യങ്ങൾ ഞാൻ കേൾക്കുന്നത് ആരെക്കുറിച്ചാണ്?” എന്ന് അദ്ദേഹം പറഞ്ഞു. യേശുവിനെ കാണാൻ ഹെരോദാവ് പരിശ്രമിച്ചു. അപ്പൊസ്തലന്മാർ തിരികെയെത്തി തങ്ങൾ ചെയ്തതെല്ലാം യേശുവിനെ അറിയിച്ചു. തുടർന്ന് അദ്ദേഹം അപ്പൊസ്തലന്മാരെമാത്രം ഒപ്പംകൂട്ടി ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു യാത്രയായി. എന്നാൽ അദ്ദേഹം എവിടേക്കാണു പോകുന്നതെന്നു മനസ്സിലാക്കിയ ജനക്കൂട്ടം പിന്നാലെ ചെന്നു. അദ്ദേഹം അവരെ സ്വാഗതംചെയ്ത് അവരോടു ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും രോഗസൗഖ്യം ആവശ്യമായിരുന്നവരെ സൗഖ്യമാക്കുകയും ചെയ്തു. സൂര്യാസ്തമയം അടുത്തപ്പോൾ പന്ത്രണ്ട് അപ്പൊസ്തലന്മാർ അടുത്തുവന്ന് അദ്ദേഹത്തോട്, “നാം ഇവിടെ ഒരു വിജനസ്ഥലത്താണല്ലോ, അതുകൊണ്ട് ചുറ്റുമുള്ള ഗ്രാമങ്ങളിലും ഗ്രാമാന്തരങ്ങളിലും ചെന്നു ഭക്ഷണവും താമസസൗകര്യവും കണ്ടെത്താൻ ജനത്തെ പറഞ്ഞയ്ക്കണം” എന്നു പറഞ്ഞു. എന്നാൽ യേശു, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു. “ഈ ജനക്കൂട്ടത്തിനു വേണ്ടുന്ന ഭക്ഷണം മുഴുവൻ ഞങ്ങൾ പോയി വാങ്ങേണ്ടിവരും. അല്ലാത്തപക്ഷം ഞങ്ങളുടെപക്കൽ ആകെയുള്ളത് അഞ്ചപ്പവും രണ്ടുമീനുംമാത്രമാണ്” എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു. അവിടെ ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. എന്നാൽ യേശു ശിഷ്യന്മാരോട്, “ജനത്തെ അൻപതുപേർവീതം നിരനിരയായി ഇരുത്തുക” എന്നു പറഞ്ഞു. അവർ അങ്ങനെ ചെയ്തു, എല്ലാവരെയും ഇരുത്തി. അതിനുശേഷം യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി അവ വാഴ്ത്തി നുറുക്കി; ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി; അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.
ലൂക്കോസ് 9 വായിക്കുക
കേൾക്കുക ലൂക്കോസ് 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കോസ് 9:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ