യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ ജനത്തിരക്കു നിമിത്തം അദ്ദേഹത്തിന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല. ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു. അതിന് യേശു, “ദൈവത്തിന്റെ വചനം കേൾക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും” എന്ന് ഉത്തരം പറഞ്ഞു. ഒരു ദിവസം യേശു ശിഷ്യന്മാരോടൊപ്പം ഒരു വള്ളത്തിൽ കയറി, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞ് യാത്രപുറപ്പെട്ടു. അവർ യാത്രചെയ്യുമ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി അവർ വലിയ അപകടത്തിലായി. ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “പ്രഭോ, പ്രഭോ, ഞങ്ങൾ മുങ്ങിപ്പോകുന്നു” എന്നു പറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് കാറ്റിനെയും വെള്ളത്തിന്റെ ക്ഷോഭത്തെയും ശാസിച്ചു. കൊടുങ്കാറ്റ് അമർന്നു; എല്ലാം പ്രശാന്തമായി. അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങളുടെ വിശ്വാസം എവിടെ?” എന്നു ചോദിച്ചു. അവർ ഭയത്തോടും വിസ്മയത്തോടുംകൂടെ, “ഇദ്ദേഹം ആരാണ്? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും കൽപ്പിക്കുകയും അവപോലും അനുസരിക്കുകയുംചെയ്യുന്നു” എന്നു പരസ്പരം പറഞ്ഞു. അവർ ഗലീലാപ്രദേശത്തുനിന്ന് തടാകത്തിന്റെ മറുകരെയുള്ള ഗെരസേന്യരുടെദേശത്ത് വന്നു. യേശു കരയ്ക്കിറങ്ങിയപ്പോൾ പട്ടണത്തിൽനിന്ന് ഒരു ഭൂതബാധിതൻ അദ്ദേഹത്തിന് നേരേവന്നു. ഇയാൾ ഏറെക്കാലമായിട്ടു വസ്ത്രം ധരിക്കുകയോ വീട്ടിൽ താമസിക്കുകയോ ചെയ്യാതെ ശവപ്പറമ്പുകളിലെ ഗുഹകളിലാണ് താമസിച്ചിരുന്നത്. അയാൾ യേശുവിനെ കണ്ടിട്ട് നിലവിളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണു. “യേശുവേ, പരമോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? എന്നെ പീഡിപ്പിക്കരുതേ എന്നു ഞാൻ അങ്ങയോടപേക്ഷിക്കുന്നു,” എന്ന് അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. കാരണം, യേശു ആ ദുരാത്മാവിനോട് അയാളിൽനിന്ന് പുറത്തുപോകാൻ കൽപ്പിച്ചിരുന്നു. അയാൾ ഭൂതാവേശിതനാകുമ്പോൾ, പലപ്പോഴും കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച് കാവലിൽ സൂക്ഷിച്ചിരുന്നിട്ടും ചങ്ങലകൾ പൊട്ടിച്ച് ഏകാന്തസ്ഥലങ്ങളിലേക്ക് ആ ഭൂതം അവനെ ഓടിക്കുമായിരുന്നു. യേശു അവനോട്, “നിന്റെ പേരെന്താ?” എന്നു ചോദിച്ചു. അവനിൽ അസംഖ്യം ഭൂതങ്ങൾ ആവേശിച്ചിരുന്നതുകൊണ്ട് “ലെഗ്യോൻ” എന്ന് അയാൾ ഉത്തരം പറഞ്ഞു. “പാതാളത്തിലേക്കു പോകാൻ തങ്ങളോട് ആജ്ഞാപിക്കരുതേ” എന്ന് അവർ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു. അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കാൻ തങ്ങൾക്ക് അനുവാദം നൽകണമെന്നു ദുരാത്മാക്കൾ യേശുവിനോട് യാചിച്ചു. അദ്ദേഹം അവയ്ക്ക് അനുവാദം നൽകി. ഭൂതങ്ങൾ ആ മനുഷ്യനിൽനിന്ന് പുറത്തുകടന്ന് പന്നികളിൽ പ്രവേശിച്ചു: ആ പന്നിക്കൂട്ടം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു. പന്നികളെ മേയിക്കുന്നവർ ഈ സംഭവംകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു. എന്താണു സംഭവിച്ചതെന്നറിയാൻ ജനങ്ങൾ അവിടേക്കു പാഞ്ഞു. അവർ യേശുവിന്റെ സമീപമെത്തിയപ്പോൾ, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രംധരിച്ച് സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതുകണ്ട് ഭയപ്പെട്ടു. ഭൂതബാധിതനു സൗഖ്യം ലഭിച്ചത് എങ്ങനെയെന്ന് ദൃക്‌സാക്ഷികൾ മറ്റുള്ളവരോടു വിവരിച്ചു. ഗെരസേന്യദേശവാസികൾ എല്ലാവരും വളരെ ഭയപരവശരായിരുന്നതുകൊണ്ട് യേശു തങ്ങളെ വിട്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു; അദ്ദേഹം വള്ളത്തിൽ കയറി അവിടം വിട്ടുപോകാൻതുടങ്ങി. ഭൂതബാധയിൽനിന്നു മോചിതനായ ആ മനുഷ്യൻ യേശുവിനെ അനുഗമിക്കാൻ അനുവാദം ചോദിച്ചു. എന്നാൽ യേശു അവനോട്, “നീ വീട്ടിൽ തിരികെച്ചെന്ന് ദൈവം നിനക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നു പറയുക” എന്നു നിർദേശിച്ച് അവനെ യാത്രയാക്കി. അങ്ങനെ അയാൾ പോയി യേശു തനിക്കു ചെയ്തതെല്ലാം ആ പട്ടണത്തിലെങ്ങും അറിയിച്ചു.
ലൂക്കോസ് 8 വായിക്കുക
കേൾക്കുക ലൂക്കോസ് 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കോസ് 8:19-39
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ