ലൂക്കോസ് 6:12-36

ലൂക്കോസ് 6:12-36 MCV

അന്നൊരിക്കൽ യേശു പ്രാർഥിക്കാൻ മലയിലേക്കു കയറിപ്പോയി; ദൈവത്തോട് പ്രാർഥിച്ചുകൊണ്ട് രാത്രിമുഴുവനും ചെലവഴിച്ചു. പ്രഭാതമായപ്പോൾ അദ്ദേഹം ശിഷ്യന്മാരെ അടുക്കൽവിളിച്ചു; അവരിൽനിന്ന് പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവർക്ക് അപ്പൊസ്തലന്മാർ എന്നു നാമകരണംചെയ്തു. അവരുടെ പേരുകൾ ഇവയാണ്: പത്രോസ് എന്ന് യേശു വിളിച്ച ശിമോൻ, അയാളുടെ സഹോദരൻ അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അല്‌ഫായിയുടെ മകനായ യാക്കോബ്, ദേശീയവാദിയായിരുന്ന ശിമോൻ, യാക്കോബിന്റെ മകനായ യൂദാ, വഞ്ചകനായിത്തീർന്ന ഈസ്കര്യോത്ത് യൂദാ. യേശു അവരോടൊപ്പം മലയിൽനിന്ന് ഇറങ്ങി സമതലഭൂമിയിൽ വന്നു. അവിടെ അദ്ദേഹത്തിന്റെ ശിഷ്യരുടെ ഒരു വലിയ സമൂഹവും; ജെറുശലേമിൽനിന്നും യെഹൂദ്യയിലെ മറ്റെല്ലായിടത്തുനിന്നും സമുദ്രതീരപട്ടണങ്ങളായ സോരിൽനിന്നും സീദോനിൽനിന്നും യേശുവിന്റെ വാക്കുകൾ ശ്രവിക്കാനും രോഗസൗഖ്യംപ്രാപിക്കാനും വലിയൊരു ജനാവലിയും വന്നിട്ടുണ്ടായിരുന്നു. ദുരാത്മപീഡിതർ സൗഖ്യംപ്രാപിച്ചു. അദ്ദേഹത്തിൽനിന്ന് ശക്തി പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കിയിരുന്നതുകൊണ്ടു ജനങ്ങൾ എല്ലാവരും അദ്ദേഹത്തെ സ്പർശിക്കാൻ ശ്രമിച്ചു. ശിഷ്യരെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ദരിദ്രരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങളുടേതല്ലോ ദൈവരാജ്യം. ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങൾ സംതൃപ്തരാകും. ഇപ്പോൾ വിലപിക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങൾ ആഹ്ലാദിക്കും. നിങ്ങൾ മനുഷ്യപുത്രന്റെ (എന്റെ) അനുയായികളായതുകൊണ്ട് ജനം നിങ്ങളെ വെറുത്ത്, സമുദായഭ്രഷ്ടരാക്കി അപമാനിച്ച്, നിങ്ങളുടെ പേരുകൾ ശപിക്കപ്പെട്ടത് എന്ന് ഗണിക്കുമ്പോൾ, നിങ്ങൾ അനുഗൃഹീതർ. “അന്നാളിൽ നിങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുക. കാരണം, മഹത്താണ് സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം. അവരുടെ പൂർവികർ ദൈവത്തിന്റെ പ്രവാചകന്മാരോടും അങ്ങനെതന്നെയാണല്ലോ ചെയ്തത്. “ധനികരായ നിങ്ങൾക്കോ, ഹാ കഷ്ടം! നിങ്ങൾക്കുള്ള ആശ്വാസം നിങ്ങൾ അനുഭവിച്ചുകഴിഞ്ഞു. ഇപ്പോൾ ഭക്ഷിച്ചു സംതൃപ്തരായിരിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ വിശന്നുവലയും. ഇപ്പോൾ ആഹ്ലാദിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ അതിദുഃഖത്തോടെ വിലപിക്കും. എല്ലാവരും നിങ്ങളെ പ്രശംസിക്കുമ്പോൾ നിങ്ങൾക്കു ഹാ കഷ്ടം! അവരുടെ പൂർവികരും വ്യാജപ്രവാചകന്മാരെ അങ്ങനെതന്നെ പ്രശംസിച്ചിട്ടുണ്ടല്ലോ. “എന്നാൽ, എന്റെ ഈ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാൻ പറയട്ടെ: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യുക, നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക. ഒരാൾ നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നെങ്കിൽ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക. നിന്റെ പുറങ്കുപ്പായം എടുക്കുന്നയാൾക്ക് വസ്ത്രവുംകൂടെ നൽകാൻ മടിക്കരുത്. നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്നവർക്ക് അത് നൽകുക; നിനക്കുള്ളത് ആരെങ്കിലും അപഹരിച്ചാൽ അതു തിരികെ ആവശ്യപ്പെടരുത്. മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക. “നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ അതിൽ നിങ്ങൾക്ക് അഭിമാനിക്കാൻ എന്താണുള്ളത്? പാപികളെന്നു സമൂഹം പരിഗണിക്കുന്നവരും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നിങ്ങൾ നന്മ ചെയ്താൽ അതിൽ അഭിമാനിക്കാൻ എന്താണുള്ളത്? പാപികളും അതുതന്നെ ചെയ്യുന്നുണ്ടല്ലോ. തിരികെ ലഭിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട് നിങ്ങൾ വായ്പകൊടുത്താൽ അതിൽ നിങ്ങൾക്ക് എന്താണ് അഭിമാനിക്കാനുള്ളത്? പാപികളും എല്ലാം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ, പാപികൾക്കു വായ്പകൊടുക്കുന്നുണ്ടല്ലോ. എന്നാൽ നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; അവർക്കു നന്മ ചെയ്യുക; തിരികെ ലഭിക്കുമെന്ന പ്രതീക്ഷകൂടാതെ അവർക്കു വായ്പകൊടുക്കുക. അപ്പോൾ നിങ്ങളുടെ പ്രതിഫലം മഹത്തായിരിക്കും. അങ്ങനെയാണ് പരമോന്നതന്റെ മക്കൾ പ്രവർത്തിക്കുക; കാരണം, അവിടന്നു നന്ദികെട്ടവരോടും ദുഷ്ടരോടും ദയാലുവാകുന്നു. നിങ്ങളുടെ പിതാവ് കരുണാമയൻ ആയിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക.