ഒരു ശബ്ബത്തുനാളിൽ യേശു ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചു കൈകളിൽവെച്ചു തിരുമ്മി ധാന്യം തിന്നാൻതുടങ്ങി. അപ്പോൾ, “ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തതു നിങ്ങൾ ചെയ്യുന്നതെന്ത്?” എന്നു ചില പരീശന്മാർ ചോദിച്ചു.
അതിനുത്തരമായി യേശു അവരോട്, “ദാവീദും സഹയാത്രികരും തങ്ങൾക്കു വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ മറ്റാർക്കും ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിക്കുകയും സഹയാത്രികർക്കു നൽകുകയും ചെയ്തു.” തുടർന്ന് യേശു, “മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്” എന്നു പറഞ്ഞു.
മറ്റൊരു ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽച്ചെന്ന് ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. വലതുകൈ ശോഷിച്ചുപോയ ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. പരീശന്മാരും വേദജ്ഞരും യേശുവിന്റെമേൽ കുറ്റം ആരോപിക്കാൻ പഴുതു തേടുകയായിരുന്നതുകൊണ്ട് അദ്ദേഹം ശബ്ബത്തുനാളിൽ സൗഖ്യമാക്കുമോ എന്ന് അവർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ, അവരുടെ വിചാരം ഗ്രഹിച്ചിട്ട് യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു. അയാൾ അവിടെ എഴുന്നേറ്റുനിന്നു.
തുടർന്ന് യേശു അവരോട് ഇങ്ങനെ ചോദിച്ചു: “ഞാൻ നിങ്ങളോടു ചോദിക്കട്ടെ, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ അതിനെ നശിപ്പിക്കുന്നതോ ഏതാണ് നിയമവിധേയം?”
അദ്ദേഹം അവരെ ഓരോരുത്തരെയും സൂക്ഷിച്ച് നോക്കി. തുടർന്ന് കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ അങ്ങനെ ചെയ്തു; അയാളുടെ കൈക്കു പരിപൂർണസൗഖ്യം ലഭിച്ചു. എന്നാൽ പരീശന്മാരും വേദജ്ഞരും, ക്രോധം നിറഞ്ഞവരായി, യേശുവിനെ എന്തു ചെയ്യണമെന്ന് പരസ്പരം ചർച്ചചെയ്തു.
അന്നൊരിക്കൽ യേശു പ്രാർഥിക്കാൻ മലയിലേക്കു കയറിപ്പോയി; ദൈവത്തോട് പ്രാർഥിച്ചുകൊണ്ട് രാത്രിമുഴുവനും ചെലവഴിച്ചു. പ്രഭാതമായപ്പോൾ അദ്ദേഹം ശിഷ്യന്മാരെ അടുക്കൽവിളിച്ചു; അവരിൽനിന്ന് പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവർക്ക് അപ്പൊസ്തലന്മാർ എന്നു നാമകരണംചെയ്തു. അവരുടെ പേരുകൾ ഇവയാണ്:
പത്രോസ് എന്ന് യേശു വിളിച്ച ശിമോൻ, അയാളുടെ സഹോദരൻ അന്ത്രയോസ്,
യാക്കോബ്,
യോഹന്നാൻ,
ഫിലിപ്പൊസ്,
ബർത്തൊലൊമായി,
മത്തായി,
തോമസ്,
അല്‌ഫായിയുടെ മകനായ യാക്കോബ്,
ദേശീയവാദിയായിരുന്ന ശിമോൻ,
യാക്കോബിന്റെ മകനായ യൂദാ,
വഞ്ചകനായിത്തീർന്ന ഈസ്കര്യോത്ത് യൂദാ.
യേശു അവരോടൊപ്പം മലയിൽനിന്ന് ഇറങ്ങി സമതലഭൂമിയിൽ വന്നു. അവിടെ അദ്ദേഹത്തിന്റെ ശിഷ്യരുടെ ഒരു വലിയ സമൂഹവും; ജെറുശലേമിൽനിന്നും യെഹൂദ്യയിലെ മറ്റെല്ലായിടത്തുനിന്നും സമുദ്രതീരപട്ടണങ്ങളായ സോരിൽനിന്നും സീദോനിൽനിന്നും യേശുവിന്റെ വാക്കുകൾ ശ്രവിക്കാനും രോഗസൗഖ്യംപ്രാപിക്കാനും വലിയൊരു ജനാവലിയും വന്നിട്ടുണ്ടായിരുന്നു. ദുരാത്മപീഡിതർ സൗഖ്യംപ്രാപിച്ചു. അദ്ദേഹത്തിൽനിന്ന് ശക്തി പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കിയിരുന്നതുകൊണ്ടു ജനങ്ങൾ എല്ലാവരും അദ്ദേഹത്തെ സ്പർശിക്കാൻ ശ്രമിച്ചു.
ശിഷ്യരെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:
“ദരിദ്രരായ നിങ്ങൾ അനുഗൃഹീതർ;
നിങ്ങളുടേതല്ലോ ദൈവരാജ്യം.
ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ;
നിങ്ങൾ സംതൃപ്തരാകും.
ഇപ്പോൾ വിലപിക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ;
നിങ്ങൾ ആഹ്ലാദിക്കും.
നിങ്ങൾ മനുഷ്യപുത്രന്റെ (എന്റെ) അനുയായികളായതുകൊണ്ട്
ജനം നിങ്ങളെ വെറുത്ത്, സമുദായഭ്രഷ്ടരാക്കി അപമാനിച്ച്,
നിങ്ങളുടെ പേരുകൾ ശപിക്കപ്പെട്ടത് എന്ന് ഗണിക്കുമ്പോൾ,
നിങ്ങൾ അനുഗൃഹീതർ.
“അന്നാളിൽ നിങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുക. കാരണം, മഹത്താണ് സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം. അവരുടെ പൂർവികർ ദൈവത്തിന്റെ പ്രവാചകന്മാരോടും അങ്ങനെതന്നെയാണല്ലോ ചെയ്തത്.
“ധനികരായ നിങ്ങൾക്കോ, ഹാ കഷ്ടം!
നിങ്ങൾക്കുള്ള ആശ്വാസം നിങ്ങൾ അനുഭവിച്ചുകഴിഞ്ഞു.
ഇപ്പോൾ ഭക്ഷിച്ചു സംതൃപ്തരായിരിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം!
നിങ്ങൾ വിശന്നുവലയും.
ഇപ്പോൾ ആഹ്ലാദിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം!
നിങ്ങൾ അതിദുഃഖത്തോടെ വിലപിക്കും.
എല്ലാവരും നിങ്ങളെ പ്രശംസിക്കുമ്പോൾ നിങ്ങൾക്കു ഹാ കഷ്ടം!
അവരുടെ പൂർവികരും വ്യാജപ്രവാചകന്മാരെ അങ്ങനെതന്നെ പ്രശംസിച്ചിട്ടുണ്ടല്ലോ.