യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ ഒരു ജനക്കൂട്ടം അവിടെ വന്നുചേർന്നു. പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ആയിരുന്നു അവർക്കു വഴികാട്ടിയായി നടന്നിരുന്നത്. അയാൾ യേശുവിനെ ചുംബിക്കേണ്ടതിന് അദ്ദേഹത്തിന്റെ അടുത്തേക്കുചെന്നു. എന്നാൽ യേശു അയാളോട്, “യൂദായേ, നീ ചുംബനം കൊണ്ടാണോ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?” എന്നു ചോദിച്ചു.
എന്താണു സംഭവിക്കാൻ പോകുന്നതെന്നു യേശുവിന്റെ കൂടെയുണ്ടായിരുന്ന ശിഷ്യന്മാർ ഗ്രഹിച്ചിട്ട്, “കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടണമോ?” എന്നു ചോദിച്ചു. അവരിൽ ഒരാൾ മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ വലതുകാത് ഛേദിച്ചുകളഞ്ഞു.
“അരുത്, അത് പാടില്ല,” യേശു പറഞ്ഞു. പിന്നെ അദ്ദേഹം അവന്റെ കാതിൽ തൊട്ട് അവനെ സൗഖ്യമാക്കി.
തനിക്കെതിരേവന്ന പുരോഹിതമുഖ്യന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും സമുദായനേതാക്കന്മാരോടും യേശു, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്? ഞാൻ ദിവസവും ദൈവാലയാങ്കണത്തിൽ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ നിങ്ങൾ എന്റെമേൽ കൈവെച്ചില്ല. എന്നാൽ ഇതു നിങ്ങളുടെ സമയം, അന്ധകാരം അധികാരം നടത്തുന്ന സമയം” എന്നു പറഞ്ഞു.
അവർ യേശുവിനെ പിടിച്ചു മഹാപുരോഹിതന്റെ അരമനയിലേക്ക് കൊണ്ടുപോയി. പത്രോസ് അൽപ്പം അകലംവിട്ട് പിന്നാലെ ചെന്നു. ചിലർ അരമനാങ്കണത്തിന് നടുവിൽ തീ കത്തിച്ച് ഒന്നിച്ചിരുന്നപ്പോൾ പത്രോസും അവരോടൊപ്പം ചേർന്നു. ഒരു വേലക്കാരി പെൺകുട്ടി തീയുടെ പ്രകാശത്തിൽ അയാൾ ഇരിക്കുന്നതു കണ്ടു; സൂക്ഷിച്ചുനോക്കിയിട്ട്, “ഈ മനുഷ്യനും അയാളുടെ അനുയായികളിൽ ഒരാളാണ്” എന്നു പറഞ്ഞു.
എന്നാൽ പത്രോസ് അതു നിഷേധിച്ച്, “സ്ത്രീയേ, ഞാൻ അയാളെ അറിയുന്നില്ല” എന്നു പറഞ്ഞു.
അൽപ്പസമയം കഴിഞ്ഞ് വേറെ ഒരാൾ അയാളെ കണ്ടിട്ട്, “നീയും അവരുടെ കൂട്ടത്തിലുള്ളവൻ” എന്നു പറഞ്ഞു.
“മനുഷ്യാ, ഞാൻ അക്കൂട്ടത്തിലുള്ളവനല്ല,” പത്രോസ് മറുപടി പറഞ്ഞു.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു മറ്റൊരാൾ ഉറപ്പിച്ചുപറഞ്ഞു: “തീർച്ചയായും ഇയാൾ അയാളോടുകൂടെ ഉണ്ടായിരുന്ന ആൾതന്നെ. നോക്കൂ ഇയാളും ഗലീലക്കാരനാണല്ലോ!”
അതിനു പത്രോസ്, “ഹേ മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല” എന്ന് ഉത്തരം പറഞ്ഞു. പത്രോസ് സംസാരിക്കുമ്പോൾ കോഴി കൂവി. അപ്പോൾ കർത്താവ് തിരിഞ്ഞ് പത്രോസിനെ സൂക്ഷിച്ചുനോക്കി. “ഇന്ന് കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും,” എന്നു കർത്താവ് തന്നോടു പറഞ്ഞിരുന്ന വാക്ക് ഓർത്ത് പത്രോസ് പുറത്തേക്കുപോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.
യേശുവിനു കാവൽനിന്നിരുന്ന പടയാളികൾ അദ്ദേഹത്തെ പരിഹസിക്കാനും അടിക്കാനും തുടങ്ങി. അദ്ദേഹത്തിന്റെ കണ്ണ് മൂടിക്കെട്ടിയിട്ട്, “ആരാണ് നിന്നെ അടിച്ചത്? ഞങ്ങളോട് പ്രവചിക്കുക!” എന്നിങ്ങനെയും മറ്റുപലതും അദ്ദേഹത്തെ അപഹസിച്ചുകൊണ്ട് അവർ പറഞ്ഞു.
നേരം പുലർന്നപ്പോൾ, സമുദായനേതാക്കന്മാരും പുരോഹിതമുഖ്യന്മാരും വേദജ്ഞരും ഉൾപ്പെട്ട ന്യായാധിപസമിതി സമ്മേളിച്ച് യേശുവിനെ തങ്ങളുടെമുമ്പിൽ വരുത്തി. “നീ ക്രിസ്തുവാണോ,” അവർ ആരാഞ്ഞു, “ഞങ്ങളോടു പറയുക.”
അതിന് യേശു, “ഞാൻ നിങ്ങളോടു പറഞ്ഞാലും നിങ്ങൾ എന്നെ വിശ്വസിക്കുകയില്ല, ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കു നിങ്ങൾ ഉത്തരം പറയുകയുമില്ല. എന്നാൽ മനുഷ്യപുത്രൻ (ഞാൻ) ദൈവശക്തിയുടെ വലതുഭാഗത്ത് ഉപവിഷ്ടനാകുന്ന സമയം ഇതാ വന്നെത്തിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
“നീ അപ്പോൾ ദൈവപുത്രൻതന്നെയോ?” അവർ എല്ലാവരും ഒരേസ്വരത്തിൽ ചോദിച്ചു.
“നിങ്ങൾ പറഞ്ഞതുപോലെതന്നെ; ഞാൻ ആകുന്നു,” യേശു ഉത്തരം പറഞ്ഞു.
അപ്പോൾ അവർ, “ഇനി നമുക്ക് വേറെ സാക്ഷ്യത്തിന്റെ ആവശ്യം എന്ത്? അവന്റെ വായിൽനിന്നുതന്നെ നാം അതു കേട്ടുകഴിഞ്ഞല്ലോ” എന്നു പറഞ്ഞു.