ലൂക്കോസ് 21:1-19

ലൂക്കോസ് 21:1-19 MCV

യേശു തലയുയർത്തിനോക്കി, ധനികർ ദൈവാലയഭണ്ഡാരത്തിൽ പണം അർപ്പിച്ചുകൊണ്ടിരിക്കുന്നതു ശ്രദ്ധിച്ചു. അപ്പോൾ ദരിദ്രയായ ഒരു വിധവ അവിടെ വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ അർപ്പിക്കുന്നതും അദ്ദേഹം കണ്ടു. “ഈ ദരിദ്രയായ വിധവ മറ്റെല്ലാവരെക്കാളും കൂടുതൽ അർപ്പിച്ചിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. മറ്റെല്ലാവരും അവരുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചിരിക്കുന്നത്; ഇവളോ തന്റെ ദാരിദ്ര്യത്തിൽനിന്ന്, അവളുടെ ഉപജീവനത്തിനുണ്ടായിരുന്നതു മുഴുവനും അർപ്പിച്ചിരിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. ചില ശിഷ്യർ ദൈവാലയത്തെക്കുറിച്ച്, അതു മനോഹരമായ കല്ലുകളാലും വഴിപാടായി ലഭിച്ച വസ്തുക്കളാലും അലംകൃതമായിരിക്കുന്നു എന്നു പറഞ്ഞപ്പോൾ യേശു ഇങ്ങനെ പ്രതിവചിച്ചു: “നിങ്ങൾ ഈ കാണുന്നത്, ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം എല്ലാം നിലംപൊത്തുന്ന കാലം വരുന്നു.” “ഗുരോ, എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ സംഭവിക്കാറായി എന്നതിന്റെ ലക്ഷണം എന്തായിരിക്കും?” അവർ ചോദിച്ചു. അദ്ദേഹം അതിനു മറുപടി ഇങ്ങനെ പറഞ്ഞു: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ആകുന്നു ക്രിസ്തു’ എന്നും ‘സമയം അടുത്തിരിക്കുന്നു’ എന്നും അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വരും. അവരുടെ പിന്നാലെ പോകരുത്. നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും കേൾക്കുമ്പോൾ പരിഭ്രാന്തരാകരുത്. ഇവ ആദ്യം സംഭവിക്കേണ്ടതാകുന്നു. എന്നാൽ, അത്രപെട്ടെന്ന് യുഗാവസാനം സംഭവിക്കുകയില്ല.” അദ്ദേഹം തുടർന്നു, “ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. വലിയ ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷാമവും പകർച്ചവ്യാധികളും ഉണ്ടാകും. ഭയാനകസംഭവങ്ങളും ആകാശത്ത് വലിയ അത്ഭുതചിഹ്നങ്ങളും ദൃശ്യമാകും. “എന്നാൽ ഇതിനെല്ലാംമുമ്പേ, എന്റെ നാമംനിമിത്തം അവർ നിങ്ങളെ ബന്ധിതരാക്കി ഉപദ്രവിക്കും. നിങ്ങളെ പള്ളികളിലേക്കും കാരാഗൃഹങ്ങളിലേക്കും വലിച്ചിഴച്ചുകൊണ്ടുപോകും; എന്റെ അനുയായികളായതിനാൽ, രാജാക്കന്മാരുടെയും അധികാരികളുടെയും മുമ്പിൽ നിർത്തും. അതു നിങ്ങൾക്ക് എന്നെക്കുറിച്ച് സാക്ഷ്യം പറയാനുള്ള അവസരമായിരിക്കും. അതുകൊണ്ട് എങ്ങനെ പ്രതിവാദം നടത്തും എന്ന് ചിന്തിച്ച് മുൻകൂട്ടി വ്യാകുലപ്പെടേണ്ടതില്ല. എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ എതിരാളികളിൽ ആർക്കും ചെറുത്തുനിൽക്കാനോ എതിർത്തുപറയാനോ കഴിയാത്ത വാക്കുകളും പരിജ്ഞാനവും ഞാൻ നിങ്ങൾക്കു നൽകും. മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊന്നുകളയും. നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും. എന്നാൽ, നിങ്ങളുടെ ഒരു തലമുടിപോലും നശിച്ചുപോകുകയില്ല. നിങ്ങളുടെ സ്ഥൈര്യത്താൽ നിങ്ങൾ ജീവൻ പ്രാപിക്കും.