ലൂക്കോസ് 2:41-52

ലൂക്കോസ് 2:41-52 MCV

അവന്റെ മാതാപിതാക്കൾ വർഷംതോറും പെസഹാപ്പെരുന്നാളിന് ജെറുശലേമിലേക്കു പോകുക പതിവായിരുന്നു. യേശുവിനു പന്ത്രണ്ട് വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിനു പോയി. പെരുന്നാളിനുശേഷം മാതാപിതാക്കൾ വീട്ടിലേക്കു മടങ്ങുമ്പോൾ ബാലനായ യേശു ജെറുശലേമിൽത്തന്നെ തങ്ങി; എന്നാൽ അവർ അതറിഞ്ഞില്ല. യേശു തങ്ങളുടെ കൂട്ടത്തിൽ ഉണ്ടെന്നു കരുതി അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. പിന്നെ ബന്ധുക്കളുടെയും മിത്രങ്ങളുടെയും ഇടയിൽ അവനെ അന്വേഷിക്കാൻ തുടങ്ങി. കാണാതായപ്പോൾ ബാലനെ തെരയാൻ അവർ ജെറുശലേമിലേക്കു തിരികെപ്പോയി. മൂന്ന് ദിവസത്തിനുശേഷം അവർ യേശുവിനെ ദൈവാലയാങ്കണത്തിൽ കണ്ടെത്തി; യേശു ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരുന്ന് അവരുടെ ഉപദേശം ശ്രദ്ധിക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു. യേശുവിന്റെ വചസ്സുകൾ കേട്ട എല്ലാവരും അദ്ദേഹത്തിന്റെ ജ്ഞാനത്തിലും യേശു നൽകിയ മറുപടികളിലും വിസ്മയിച്ചു. യേശുവിനെ കണ്ടപ്പോൾ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. മാതാവ് അവനോട്, “മകനേ, ഞങ്ങളോട് നീ എന്തിനിങ്ങനെ ചെയ്തു? നിന്റെ പിതാവും ഞാനും എത്ര ഉത്കണ്ഠയോടെ നിന്നെ തെരയുകയായിരുന്നു എന്നറിയാമോ?” എന്നു ചോദിച്ചു. യേശു അവരോട്, “നിങ്ങൾ എന്നെ തെരഞ്ഞതെന്തിന്? എന്റെ പിതാവിന്റെ ഭവനത്തിൽ ഞാൻ ഇരിക്കേണ്ടതാണെന്ന് നിങ്ങൾക്കറിയില്ലേ?” എന്നു പ്രതിവചിച്ചു. യേശു പറഞ്ഞതിന്റെ അർഥം അവർ ഗ്രഹിച്ചില്ല. അതിനുശേഷം യേശു അവരോടുകൂടെ നസറെത്തിലേക്കുപോയി അവർക്ക് അനുസരണയുള്ളവനായി കഴിഞ്ഞു. അവന്റെ മാതാവ് ഈ കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു. യേശുവോ, ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രസാദത്തിലും മുന്നേറിക്കൊണ്ടിരുന്നു.