ആ കാലത്ത് റോമാ ചക്രവർത്തി അഗസ്തോസ് കൈസർ തന്റെ സാമ്രാജ്യത്തിലുള്ള എല്ലാവരുടെയും ജനസംഖ്യാനിർണയത്തിനായുള്ള ആജ്ഞ പുറപ്പെടുവിച്ചു. —ഈ ഒന്നാമത്തെ ജനസംഖ്യാനിർണയം നടന്നത് സിറിയാപ്രവിശ്യയിലെ ഭരണാധികാരിയായി ക്വിറിനിയൂസ് വാഴുമ്പോഴാണ്— അങ്ങനെ എല്ലാവരും തങ്ങളുടെ പേരെഴുതിക്കുന്നതിന് അവരവരുടെ പട്ടണത്തിലേക്കു യാത്രയായി. അങ്ങനെ യോസേഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും ഉള്ളവനായതിനാൽ ഗലീലാപ്രവിശ്യയിലെ നസറെത്ത് എന്ന പട്ടണത്തിൽനിന്ന് യെഹൂദ്യപ്രവിശ്യയിലെ ബേത്ലഹേം എന്ന ദാവീദിന്റെ പട്ടണത്തിലേക്കു യാത്രതിരിച്ചു. തന്റെ പ്രതിശ്രുതവധുവും ഗർഭിണിയുമായ മറിയയോടൊപ്പമാണ് പേരുചേർക്കുന്നതിനായി അദ്ദേഹം അവിടേക്കു പോയത്. അവർ ബേത്ലഹേമിൽ ആയിരിക്കുമ്പോൾ മറിയയ്ക്ക് പ്രസവത്തിനുള്ള സമയം തികഞ്ഞു. മറിയ തന്റെ ആദ്യജാതനായ പുത്രന് ജന്മംനൽകി, അവൾ ശിശുവിനെ ശീലകളിൽ പൊതിഞ്ഞ്, കന്നുകാലികൾക്ക് പുല്ല് കൊടുക്കുന്ന ഒരു തൊട്ടിയിൽ കിടത്തി; കാരണം, അവർക്കവിടെ ഒരു മുറിയും ലഭ്യമായില്ല. അന്നുരാത്രിയിൽ ആ പ്രദേശത്ത് ആട്ടിൻപറ്റത്തിന് കാവലായി മേച്ചിൽപ്പുറത്ത് താമസിച്ചിരുന്ന ഇടയന്മാർക്ക് കർത്താവിന്റെ ഒരു ദൂതൻ പ്രത്യക്ഷനായി. കർത്താവിന്റെ പ്രഭ അവർക്കുചുറ്റും തിളങ്ങി, അവർ വളരെ ഭയവിഹ്വലരായിത്തീർന്നു. അപ്പോൾ ദൂതൻ അവരോടറിയിച്ചത്, “ഭയപ്പെടേണ്ട! സകലജനത്തിനും മഹാ ആനന്ദംനൽകുന്ന സുവാർത്ത ഇതാ ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്നേദിവസം ക്രിസ്തുവെന്ന കർത്താവായ രക്ഷകൻ ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കുവേണ്ടി ജനിച്ചിരിക്കുന്നു. നിങ്ങൾക്കുള്ള ചിഹ്നമോ: ശീലകളിൽ പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.” ഇതു പറഞ്ഞമാത്രയിൽത്തന്നെ സ്വർഗീയസൈന്യത്തിന്റെ വലിയൊരു സംഘം ആ ദൂതനോടുചേർന്നു ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട്, “പരമോന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്ന് ആലപിച്ചു. ദൂതന്മാർ അവരെവിട്ടു സ്വർഗത്തിലേക്കു മടങ്ങിയശേഷം, “നമുക്കു ബേത്ലഹേമിൽ ചെന്ന് അവിടെ കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം കാണാം” എന്ന് ആട്ടിടയന്മാർ പരസ്പരം പറഞ്ഞു. അവർ വളരെവേഗത്തിൽ യാത്രയായി, അവിടെച്ചെന്ന് മറിയയെയും യോസേഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. അവരെക്കണ്ടതിനുശേഷം, ഈ ശിശുവിനെക്കുറിച്ചു ദൈവദൂതൻ തങ്ങളോട് അറിയിച്ചിരുന്ന കാര്യങ്ങളെല്ലാം ആട്ടിടയന്മാർ പരസ്യമാക്കി. ആട്ടിടയന്മാർ അറിയിച്ച വാർത്ത കേട്ട എല്ലാവരും ആശ്ചര്യഭരിതരായി. എന്നാൽ, മറിയ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് വിചിന്തനംചെയ്തുകൊണ്ടിരുന്നു. തങ്ങളെ അറിയിച്ചിരുന്നതുപോലെതന്നെ കേൾക്കുകയും കാണുകയുംചെയ്ത സകലകാര്യങ്ങൾക്കായും ദൈവത്തെ മഹത്ത്വപ്പെടുത്തുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ട് ആട്ടിടയന്മാർ തിരികെപ്പോയി. എട്ടുദിവസം പൂർത്തിയായപ്പോൾ, യേശുവിന്റെ പരിച്ഛേദനാസമയത്ത്, ശിശു ഗർഭത്തിലുരുവാകുംമുമ്പ് ദൈവദൂതൻ നിർദേശിച്ചിരുന്നതുപോലെ “യേശു” എന്ന് അവനു പേരിട്ടു. മോശയുടെ ന്യായപ്രമാണം അനുസരിച്ച് മറിയയ്ക്ക് ശുദ്ധീകരണയാഗത്തിനുള്ള ദിവസമടുത്തപ്പോൾ, യോസേഫും മറിയയും യേശുവിനെ കർത്താവിനു സമർപ്പിക്കേണ്ടതിനായി ജെറുശലേമിലേക്കു കൊണ്ടുപോയി. “ആദ്യം ജനിക്കുന്ന ആൺകുട്ടി കർത്താവിന് വിശുദ്ധീകരിക്കപ്പെടണം,” എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതനുസരിച്ചും “ഒരു ജോടി കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ യാഗം കഴിക്കേണ്ടതാകുന്നു,” എന്ന് കർത്താവിന്റെ ന്യായപ്രമാണത്തിൽ കൽപ്പിച്ചിരിക്കുന്നത് അനുഷ്ഠിക്കുന്നതിനുമാണ് അവർ പോയത്.
ലൂക്കോസ് 2 വായിക്കുക
കേൾക്കുക ലൂക്കോസ് 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കോസ് 2:1-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ