അയാൾ തന്റെ സേവകരിൽ പത്തുപേരെ വിളിച്ച് അവരെ മിന്നാ ഏൽപ്പിച്ചിട്ട്, ‘ഞാൻ തിരികെ വരുംവരെ ഈ പണംകൊണ്ടു വ്യാപാരം ചെയ്യുക’ എന്നു പറഞ്ഞു. “എന്നാൽ, അയാളെ വെറുത്തിരുന്ന പ്രജകൾ, ‘ഈ മനുഷ്യൻ ഞങ്ങളെ ഭരിക്കുന്നതിൽ ഞങ്ങൾക്കു താത്പര്യമില്ല’ എന്നു പറഞ്ഞ് അയാളുടെ പിന്നാലെ ചക്രവർത്തിയുടെ അടുത്തേക്ക് പ്രതിനിധികളെ അയച്ചു. “എങ്കിലും രാജാവായിത്തന്നെ അദ്ദേഹം തിരിച്ചെത്തി. താൻ പണം ഏൽപ്പിച്ചിരുന്ന സേവകർ ആ പണംകൊണ്ട് എന്തു ലാഭമുണ്ടാക്കിയെന്ന് അറിയേണ്ടതിന് അദ്ദേഹം അവരെ വിളിപ്പിച്ചു. “ഒന്നാമത്തെയാൾ വന്നു, ‘പ്രഭോ, അങ്ങുതന്ന മിന്നാ പത്തുകൂടി നേടിത്തന്നിരിക്കുന്നു’ എന്നു പറഞ്ഞു. “അപ്പോൾ രാജാവ്, ‘വളരെ നല്ലത്, സമർഥനായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, നീ പത്തു പട്ടണങ്ങളുടെ അധികാരിയായിരിക്കുക’ എന്നു പറഞ്ഞു. “രണ്ടാമത്തെയാൾ വന്നു, ‘പ്രഭോ, അങ്ങുതന്ന മിന്നാ അഞ്ചുകൂടി നേടിത്തന്നിരിക്കുന്നു’ എന്നു പറഞ്ഞു. “അതിന് രാജാവ്, ‘നീ അഞ്ചുപട്ടണങ്ങളുടെ അധികാരിയായിരിക്കുക’ എന്നു മറുപടി പറഞ്ഞു. “എന്നാൽ ഇതിനുശേഷം മറ്റൊരാൾ വന്ന്, ‘പ്രഭോ, ഇതാ താങ്കളുടെ പണം! ഞാൻ അത് ഒരു തൂവാലയിൽ കെട്ടി സൂക്ഷിച്ചുവെച്ചു. കാരണം, വെക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യനായ അങ്ങയെ ഞാൻ ഭയപ്പെട്ടു’ എന്നു പറഞ്ഞു. “രാജാവ് അയാളോട് മറുപടിയായി, ‘ദുഷ്ടദാസാ, ഞാൻ നിന്നെ വിധിക്കുന്നത് നിന്റെ വാക്കുകളാൽത്തന്നെ ആയിരിക്കും. ഞാൻ വെക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യൻ എന്നു നീ അറിഞ്ഞിരുന്നല്ലോ? പിന്നെ, നീ എന്തുകൊണ്ട് എന്റെ പണം ബാങ്കിലെങ്കിലും നിക്ഷേപിക്കാതിരുന്നു? എന്നാൽ ഞാൻ മടങ്ങിവന്ന് അത് പലിശയോടുകൂടി വാങ്ങുമായിരുന്നല്ലോ!’ “പിന്നെ അദ്ദേഹം അരികെ നിൽക്കുന്നവരോട്, ‘ആ മിന്നാ അയാളുടെ പക്കൽനിന്ന് എടുത്ത് പത്ത് മിന്നായുള്ളവന് കൊടുക്കുക’ എന്നു പറഞ്ഞു. “ ‘പ്രഭോ, അവനു പത്തുണ്ടല്ലോ!’ അവർ പറഞ്ഞു. “ ‘ഉള്ളവർക്കെല്ലാം അധികം നൽകപ്പെടും; എന്നാൽ ഒന്നും ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും.
ലൂക്കോസ് 19 വായിക്കുക
കേൾക്കുക ലൂക്കോസ് 19
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കോസ് 19:13-26
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ