യേശു അയാളെ നോക്കിയിട്ട്, “ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം! വാസ്തവത്തിൽ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം!” എന്നു പറഞ്ഞു.
ഇതു കേട്ടവർ, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു.
അതിന് യേശു, “മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യംതന്നെ” എന്ന് ഉത്തരം പറഞ്ഞു.
അപ്പോൾ പത്രോസ്, “ഇതാ, ഞങ്ങൾക്കുള്ള സകലതും ഉപേക്ഷിച്ച് ഞങ്ങൾ അങ്ങയെ അനുഗമിച്ചല്ലോ” എന്നു പറഞ്ഞു.
അതിന് യേശു അവരോട്, “ദൈവരാജ്യത്തിനുവേണ്ടി വീട്, ഭാര്യ, സഹോദരങ്ങൾ, മാതാപിതാക്കൾ, മക്കൾ എന്നിവ ത്യജിക്കുന്ന ഏതൊരാൾക്കും ഇപ്പോൾത്തന്നെ പതിന്മടങ്ങ് അനുഗ്രഹങ്ങളും വരുംയുഗത്തിൽ നിത്യജീവനും ലഭിക്കാതിരിക്കുകയില്ല, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
ഈ സംഭാഷണത്തിനുശേഷം യേശു പന്ത്രണ്ട് ശിഷ്യന്മാരോടുമാത്രമായി പറഞ്ഞത്: “നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ രേഖപ്പെടുത്തിയിട്ടുള്ളതെല്ലാം നിറവേറും. മനുഷ്യപുത്രൻ റോമാക്കാർക്ക് ഏൽപ്പിക്കപ്പെടും. അവർ അദ്ദേഹത്തെ പരിഹസിക്കും, അപമാനിക്കും. അവർ അദ്ദേഹത്തിന്റെമേൽ തുപ്പുകയും ചമ്മട്ടികൊണ്ട് അടിക്കുകയും വധിക്കുകയും ചെയ്യും. എന്നാൽ, മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.”
ഇതിന്റെ അർഥം ഗോപ്യമായിരുന്നതിനാൽ ശിഷ്യന്മാർക്ക് ഇതൊന്നും മനസ്സിലായില്ല. അദ്ദേഹം എന്തിനെക്കുറിച്ചാണു സംസാരിച്ചതെന്ന് അവർ ഗ്രഹിച്ചുമില്ല.
യേശു യെരീഹോപട്ടണത്തിന് അടുത്തെത്തി. അവിടെ ഒരു അന്ധൻ ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികിൽ ഇരിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടം കടന്നുപോകുന്നതു കേട്ട്, എന്താണു സംഭവമെന്ന് അയാൾ തിരക്കി. അവർ അയാളോട്, “നസറായനായ യേശു ഈവഴി പോകുന്നു” എന്നറിയിച്ചു.
അയാൾ, “യേശുവേ, ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.
ജനക്കൂട്ടത്തിന്റെ മുമ്പിൽ നടന്നുകൊണ്ടിരുന്നവർ അയാളെ ശാസിച്ചുകൊണ്ട്, മിണ്ടരുതെന്നു പറഞ്ഞു. എന്നാൽ അയാൾ അധികം ഉച്ചത്തിൽ, “ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.
ഇതു കേട്ടിട്ട് യേശു നിന്നു. ആ മനുഷ്യനെ തന്റെ അടുക്കൽ കൊണ്ടുവരാൻ കൽപ്പിച്ചു. അയാൾ അടുത്തുവന്നപ്പോൾ യേശു, “ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” എന്ന് അയാളോടു ചോദിച്ചു.
“എനിക്കു കാഴ്ച കിട്ടണം, കർത്താവേ,” അയാൾ ഉത്തരം പറഞ്ഞു.
“നീ കാഴ്ചയുള്ളവനാകട്ടെ; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു,” എന്ന് യേശു അയാളോടു പറഞ്ഞു. ഉടൻതന്നെ അയാൾക്ക് കാഴ്ച ലഭിച്ചു. അയാൾ തുടർന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് യേശുവിനെ അനുഗമിച്ചു. ഇതുകണ്ട ജനമെല്ലാം ദൈവത്തെ സ്തുതിച്ചു.