ലൂക്കോസ് 17:1-19

ലൂക്കോസ് 17:1-19 MCV

യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്, “മനുഷ്യരെ പാപത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ വരാതിരിക്കുകയില്ല. എന്നാൽ, അതിനു കാരണമാകുന്നവർക്ക് മഹാകഷ്ടം! എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാൾ പാപത്തിൽ വീഴുന്നതിന് കാരണമാകുന്നയാൾക്ക്, അതിനെക്കാൾ നല്ലത് കഴുത്തിൽ ഒരു തിരികല്ലുകെട്ടി അയാളെ കടലിൽ എറിയുന്നതാണ്. ആകയാൽ സൂക്ഷിക്കുക. “നിന്റെ സഹോദരങ്ങൾ പാപംചെയ്താൽ അവരെ ശാസിക്കുക; അനുതപിക്കുന്നെങ്കിൽ അവരോടു ക്ഷമിക്കുക. അവർ നിന്നോട് ഒരു ദിവസത്തിൽ ഏഴുതവണ പാപംചെയ്യുകയും ഏഴു തവണയും മടങ്ങിവന്ന് ‘ഞാൻ അനുതപിക്കുന്നു’ എന്നു നിന്നോടു പറയുകയും ചെയ്താൽ അപ്പോഴെല്ലാം അവരോട് ക്ഷമിക്കുക.” അപ്പോൾ അപ്പൊസ്തലന്മാർ കർത്താവിനോട്, “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണമേ” എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്, “നിങ്ങൾക്ക് ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോട്, ‘വേരോടെ പിഴുത് കടലിൽ വേരുറപ്പിക്കുക’ എന്നു നിങ്ങൾ പറഞ്ഞാൽ; അത് നിങ്ങളെ അനുസരിക്കും. “നിങ്ങളിൽ ഒരാൾക്കു നിലം ഉഴുകയോ ആടിനെ മേയിക്കുകയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ വയലിൽനിന്ന് വരുമ്പോൾ, ‘നീ വേഗംവന്ന് ഭക്ഷണത്തിന് ഇരിക്കുക’ എന്ന് അയാളോട് പറയുമോ? ‘എനിക്ക് അത്താഴം തയ്യാറാക്കുക, ഞാൻ ഭക്ഷിച്ചുപാനംചെയ്തു തീരുന്നതുവരെ പൂർണ ഒരുക്കത്തോടെ എന്നെ പരിചരിക്കുക; അതിനുശേഷം നീയും ഭക്ഷിച്ചു പാനംചെയ്തുകൊള്ളുക’ എന്നല്ലേ പറയുക? തന്നോടു കൽപ്പിച്ചത് ആ സേവകൻ അനുസരിച്ചതുകൊണ്ട് അയാൾ അവനോടു കൃതജ്ഞത പ്രകടിപ്പിക്കുമോ? അതുപോലെതന്നെ നിങ്ങളും നിങ്ങളോടു കൽപ്പിച്ചതെല്ലാം ചെയ്തതിനുശേഷം, ‘ഞങ്ങൾ അയോഗ്യരായ ദാസരാകുന്നു; ഞങ്ങൾ ഞങ്ങളുടെ കർത്തവ്യം നിറവേറ്റിയതേയുള്ളൂ’ എന്നു പറയുക.” യേശു ജെറുശലേമിലേക്കു യാത്രചെയ്യുമ്പോൾ ശമര്യ-ഗലീല പ്രവിശ്യകളുടെ അതിരുകളിലൂടെ സഞ്ചരിച്ചു. അദ്ദേഹം ഒരു ഗ്രാമത്തിലേക്കു പ്രവേശിച്ചപ്പോൾ, കുഷ്ഠം ബാധിച്ച പത്തുപേർ അദ്ദേഹത്തിന് അഭിമുഖമായി വന്നു. അവർ ദൂരത്തുനിന്നുകൊണ്ട്, “യേശുവേ, നാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. അവരെ കണ്ടിട്ട് യേശു, “നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിക്കുക” എന്ന് അവരോടു പറഞ്ഞു. അവർ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ സൗഖ്യമുള്ളവരായിത്തീർന്നു. അവരിലൊരാൾ തനിക്കു സൗഖ്യം ലഭിച്ചിരിക്കുന്നെന്നു മനസ്സിലാക്കിയപ്പോൾ, ഉയർന്നസ്വരത്തിൽ ദൈവത്തെ പുകഴ്ത്തിക്കൊണ്ടു മടങ്ങിവന്നു. അയാൾ യേശുവിന്റെ തൃപ്പാദത്തിൽ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹത്തോടു നന്ദി പറഞ്ഞു; അയാൾ ശമര്യാക്കാരൻ ആയിരുന്നു. “പത്തുപേരും ശുദ്ധരായിത്തീർന്നില്ലേ? ഒൻപതുപേർ എവിടെ? ഈ വിദേശിയല്ലാതെ മറ്റാരും ദൈവത്തെ മഹത്ത്വപ്പെടുത്താൻ മടങ്ങിവന്നതായി കാണുന്നില്ലല്ലോ,” യേശു പറഞ്ഞു. തുടർന്ന് അദ്ദേഹം കുഷ്ഠരോഗിയായിരുന്ന അയാളോട്, “എഴുന്നേറ്റു പോകുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു.