ലൂക്കോസ് 15:1-10

ലൂക്കോസ് 15:1-10 MCV

നികുതിപിരിവുകാരും കുപ്രസിദ്ധപാപികളും യേശുവിന്റെ വചനം കേൾക്കാൻ വന്നുകൂടി. എന്നാൽ, പരീശന്മാരും വേദജ്ഞരും പിറുപിറുത്തുകൊണ്ട്, “ഈ മനുഷ്യൻ പാപികളെ സ്വീകരിച്ച് അവരോടൊപ്പം ആഹാരം കഴിക്കുന്നു” എന്നു വിമർശിച്ചു. അപ്പോൾ യേശു അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “നിങ്ങളിൽ നൂറ് ആടുകളുള്ള ഒരാൾ, അവയിൽ ഒന്നിനെ കാണാതെപോയാൽ, അയാൾ തൊണ്ണൂറ്റിയൊൻപതിനെയും വിജനപ്രദേശത്തു വിട്ടിട്ടു നഷ്ടമായതിനെ കണ്ടെത്തുന്നതുവരെ അന്വേഷിച്ചു പോകുകയില്ലേ? കണ്ടെത്തുമ്പോൾ അയാൾ അതിനെ ആനന്ദത്തോടെ തോളിലേറ്റി ഭവനത്തിലേക്കു മടങ്ങും. പിന്നെ അയാൾ, സ്നേഹിതരെയും അയൽക്കാരെയും വിളിച്ചുകൂട്ടി അവരോട്, ‘എന്നോടുകൂടെ ആനന്ദിക്കുക, എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു’ എന്നു പറയും. ഇതുപോലെതന്നെ മാനസാന്തരത്തിന്റെ ആവശ്യമില്ലാത്ത തൊണ്ണൂറ്റിയൊൻപതു നീതിനിഷ്ഠരെക്കുറിച്ച് ഉള്ളതിനെക്കാൾ അധികം ആനന്ദം മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിലുണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. “പത്ത് വെള്ളിനാണയങ്ങളുള്ള ഒരു സ്ത്രീ തന്റെ ഒരു നാണയം കാണാതെപോയാൽ, അതു കണ്ടുകിട്ടുന്നതുവരെ വിളക്കു കത്തിച്ചു വീട് അടിച്ചുവാരി വളരെ ശ്രദ്ധയോടെ അന്വേഷിക്കുകയില്ലേ? അതു കണ്ടുകിട്ടുമ്പോൾ അവൾ കൂട്ടുകാരികളെയും അയൽക്കാരികളെയും വിളിച്ചുകൂട്ടി, ‘എന്നോടുകൂടെ ആനന്ദിക്കുക, നഷ്ടപ്പെട്ടുപോയ എന്റെ വെള്ളിനാണയം ഇതാ കണ്ടുകിട്ടിയിരിക്കുന്നു’ എന്നു പറയും. അതുപോലെതന്നെ, മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ സന്നിധിയിൽ ആനന്ദോത്സവമുണ്ടാകും.”