ലൂക്കോസ് 12:1-7

ലൂക്കോസ് 12:1-7 MCV

ഇതിനിടയിൽ, പരസ്പരം ചവിട്ടിമെതിച്ചു പോകുന്നതുപോലെ ആയിരക്കണക്കിനു ജനം അവിടെ വന്നുകൂടി. യേശു ആദ്യം അവിടത്തെ ശിഷ്യന്മാരുടെനേരേ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞുതുടങ്ങി: “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെ കപടഭക്തിയെന്ന പുളിച്ചമാവ് സൂക്ഷിക്കുക. വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കപ്പെടാതെ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല. നിങ്ങൾ ഇരുളിൽ പറഞ്ഞതു പകലിൽ കേൾക്കും; ഉള്ളറകളിൽ കതകുകൾ അടച്ചിട്ട് ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് ഘോഷിക്കും. “എന്റെ പ്രിയരേ, ഞാൻ നിങ്ങളോടു പറയട്ടെ: ശരീരത്തെ കൊല്ലുന്നതിലപ്പുറം ഒന്നും ചെയ്യാൻ കഴിയാത്തവരെ ഭയപ്പെടേണ്ട. ആരെയാണു ഭയപ്പെടേണ്ടതെന്നു ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം. ശരീരത്തെ കൊല്ലുകമാത്രമല്ല, അതിനുശേഷം നിങ്ങളെ നരകത്തിലിട്ടുകളയാനും അധികാരമുള്ള ദൈവത്തെ ഭയപ്പെടുക; അതേ, ദൈവത്തെമാത്രം ഭയപ്പെടുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. രണ്ട് രൂപയ്ക്ക് അഞ്ചു കുരുവിയെ വിൽക്കുന്നില്ലയോ? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുകളയുന്നില്ല. നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.