ലൂക്കോസ് 1:8-25

ലൂക്കോസ് 1:8-25 MCV

ഒരിക്കൽ സെഖര്യാവുൾപ്പെട്ട വിഭാഗം ദൈവസന്നിധിയിൽ പൗരോഹിത്യശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ, കർത്താവിന്റെ ആലയത്തിൽ ചെന്ന് ധൂപം അർപ്പിക്കുന്നതിന് പൗരോഹിത്യാചാരപ്രകാരമുള്ള നറുക്കെടുപ്പിലൂടെ അദ്ദേഹം നിയുക്തനായി. ധൂപം അർപ്പിക്കുന്ന സമയത്ത് സന്നിഹിതരായിരുന്ന ജനാവലി ആലയത്തിനുപുറത്ത് പ്രാർഥിക്കുകയായിരുന്നു. അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ ധൂപപീഠത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതായി സെഖര്യാവിന് പ്രത്യക്ഷനായി. ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി. അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം. അയാൾ നിനക്ക് ആനന്ദവും ആഹ്ലാദവും ആയിരിക്കും. അവന്റെ ജനനത്തിൽ അനേകർ ആനന്ദിക്കും. കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠൻ ആയിരിക്കും. വീഞ്ഞോ ഇതര ലഹരിപാനീയങ്ങളോ അവൻ ഒരിക്കലും പാനം ചെയ്യരുത്. തന്റെ ജനനത്തിന് മുമ്പുതന്നെ അവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കും. ഇസ്രായേൽജനത്തിൽ അനേകരെ അവൻ തങ്ങളുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും. പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും അനുസരണകെട്ടവരെ നീതിനിഷ്ഠരുടെ വിവേകത്തിലേക്കും തിരിച്ചുകൊണ്ട്, കർത്താവിനുവേണ്ടി ഒരുങ്ങിയിരിക്കുന്ന ഒരു ജനത്തെ സജ്ജമാക്കുന്നതിനുവേണ്ടി അയാൾ ഏലിയാവിന്റെ ആത്മാവിലും ശക്തിയിലും കർത്താവിനുമുമ്പായി പോകും.” സെഖര്യാവ് ദൂതനോട്, “ഇതെങ്ങനെ ഉറപ്പിക്കാൻ കഴിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയോധികയുമാണല്ലോ!” എന്നു പറഞ്ഞു. അതിനു ദൂതൻ, “ദൈവസന്നിധിയിൽ ശുശ്രൂഷിക്കുന്ന ഗബ്രീയേലാണ് ഞാൻ, നിന്നോടു സംസാരിക്കാനും ഈ സുവാർത്ത നിന്നെ അറിയിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു. നിർദിഷ്ടസമയത്ത് നിറവേറാനിരിക്കുന്ന, എന്റെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് യാഥാർഥ്യമാകുന്ന ദിവസംവരെ നീ സംസാരിക്കാനാകാതെ ഊമയായിരിക്കും” എന്നു പറഞ്ഞു. ഈ സമയം സെഖര്യാവിനെ കാത്തിരുന്ന ജനം അദ്ദേഹം ദൈവാലയത്തിൽനിന്ന് പുറത്തുവരാൻ ഇത്രയേറെ താമസിച്ചതിൽ ആശ്ചര്യപ്പെട്ടു. പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. സംസാരിക്കാനാകാതെ ആംഗ്യം കാണിച്ചുകൊണ്ടിരുന്നതിൽനിന്ന്, അദ്ദേഹത്തിന് ദൈവാലയത്തിൽവെച്ച് ഒരു ദർശനമുണ്ടായെന്ന് അവർ മനസ്സിലാക്കി. അദ്ദേഹം പൗരോഹിത്യശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട ദിവസങ്ങൾ പൂർത്തിയാക്കിയിട്ട് ഭവനത്തിലേക്കു മടങ്ങി. ഈ സംഭവത്തിനുശേഷം, അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഗർഭവതിയായി; അവൾ അഞ്ചുമാസം ഭവനത്തിനു പുറത്തിറങ്ങാതെ താമസിച്ചു. “കർത്താവ് എനിക്കു നന്മ ചെയ്തിരിക്കുന്നു. ജനമധ്യേ എനിക്കുണ്ടായിരുന്ന നിന്ദ നീക്കിക്കളയാൻ ഇപ്പോൾ അവിടന്ന് പ്രസാദിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.