ലൂക്കോസ് 1:68-79

ലൂക്കോസ് 1:68-79 MCV

“ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ; അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ച് വിമുക്തരാക്കിയിരിക്കുന്നു. ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ, തന്റെ ദാസനായ ദാവീദുരാജാവിന്റെ വംശത്തിൽനിന്നുതന്നെ; സർവശക്തനായ ഒരു രക്ഷകനെ നമുക്കായി അയച്ചിരിക്കുന്നു. ഇത് നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും നമ്മുടെ പൂർവികരോടു കരുണ കാണിക്കേണ്ടതിനും നമ്മുടെ പിതാവായ അബ്രാഹാമിനോടു ശപഥംചെയ്ത വിശുദ്ധ ഉടമ്പടി ഓർക്കേണ്ടതിനും ശത്രുക്കളുടെ കൈയിൽനിന്ന് നമ്മെ സ്വതന്ത്രരാക്കേണ്ടതിനും തിരുസന്നിധിയിൽ വിശുദ്ധിയോടും നീതിനിഷ്ഠയോടുംകൂടെ നമ്മുടെ ആയുസ്സുമുഴുവനും ഭയംകൂടാതെ നാം അവിടത്തെ സേവിക്കേണ്ടതിനുംകൂടിയാണ്! “നീയോ എന്റെ മകനേ, പരമോന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനുവേണ്ടി വഴിയൊരുക്കാൻ, നമ്മുടെ ദൈവത്തിന്റെ കരുണാതിരേകത്താൽ തന്റെ ജനത്തിനു പാപമോചനത്തിലൂടെ രക്ഷയുടെ പരിജ്ഞാനം നൽകാൻ, നീ കർത്താവിനുമുമ്പായി നടക്കും. അന്ധതമസ്സിലും മരണനിഴലിലും കഴിയുന്നവരുടെമേൽ പ്രകാശിക്കുന്നതിനും നമ്മുടെ കാലുകളെ സമാധാനപാതയിൽ നയിക്കുന്നതിനും അവിടത്തെ കരുണാധിക്യത്താൽ, ഉദയസൂര്യൻ സ്വർഗത്തിൽനിന്ന് നമ്മെ സന്ദർശിക്കും.”