ലേവ്യ 26:40-46

ലേവ്യ 26:40-46 MCV

“ ‘എന്നാൽ അവർ, ഞാൻ അവരെ അവരുടെ ശത്രുക്കളുടെ രാജ്യത്തേക്ക് അയയ്ക്കത്തക്കവിധം എന്നെ അവർക്കു ശത്രുവാക്കിയ, അവരുടെ പാപങ്ങളെയും അവരുടെ പിതാക്കന്മാരുടെ പാപങ്ങളെയും—എനിക്കു വിരോധമായുള്ള അവരുടെ ദ്രോഹങ്ങളെയും എന്നോടുള്ള അവരുടെ വിരോധത്തെയും—ഏറ്റുപറയുമെങ്കിൽ, അവരുടെ പരിച്ഛേദനമില്ലാത്ത ഹൃദയങ്ങൾ താഴ്ത്തുകയും അവരുടെ പാപത്തിനുള്ള ശിക്ഷ അനുഭവിക്കുകയും ചെയ്യുമ്പോൾ, ഞാൻ യാക്കോബിനോടുള്ള എന്റെ ഉടമ്പടിയും യിസ്ഹാക്കിനോടുള്ള എന്റെ ഉടമ്പടിയും അബ്രാഹാമിനോടുള്ള എന്റെ ഉടമ്പടിയും ഓർക്കും; ഞാൻ ദേശത്തെ ഓർക്കും. ദേശം അവരാൽ പരിത്യജിക്കപ്പെട്ടിട്ട്, അത് അവരെക്കൂടാതെ വിജനമായിക്കിടന്നു ശബ്ബത്ത് അനുഭവിക്കും. എന്റെ നിയമങ്ങളെ തള്ളിക്കളയുകയും എന്റെ ഉത്തരവുകളെ വെറുക്കുകയും ചെയ്തതുകൊണ്ട് അവർ അവരുടെ പാപങ്ങളുടെ ശിക്ഷ അനുഭവിക്കണം. ഇങ്ങനെയൊക്കെയാണെങ്കിലും അവർ അവരുടെ ശത്രുക്കളുടെ ദേശത്തായിരിക്കുമ്പോൾ ഞാൻ എന്റെ ഉടമ്പടിയും ലംഘിച്ചുകൊണ്ട്, അവരെ പൂർണമായി നശിപ്പിക്കത്തക്കവിധം അവരെ തള്ളിക്കളയുകയോ കഠിനമായി വെറുക്കുകയോ ചെയ്യുകയില്ല. ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു. എന്നാൽ, ഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിനു ജനതകൾ കാൺകെ അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന അവരുടെ പൂർവികന്മാരുമായുള്ള എന്റെ ഉടമ്പടി, ഞാൻ അവർക്കുവേണ്ടി ഓർക്കും. ഞാൻ യഹോവ ആകുന്നു.’ ” യഹോവ സീനായിപർവതത്തിൽ തനിക്കും ഇസ്രായേല്യർക്കുംതമ്മിൽ മോശമുഖാന്തരം സ്ഥാപിച്ച ഉടമ്പടിയുടെ ഉത്തരവുകളും നിയമങ്ങളും പ്രമാണങ്ങളും ഇവയാണ്.