ലേവ്യ 20:22-27

ലേവ്യ 20:22-27 MCV

“ ‘നിങ്ങൾക്കു വസിക്കാനായി ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഉപേക്ഷിക്കാതിരിക്കേണ്ടതിന് എന്റെ എല്ലാ ഉത്തരവുകളും നിയമങ്ങളും പാലിച്ച് അവ അനുവർത്തിക്കുക. ഞാൻ നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയുന്ന ജനതയുടെ ആചാരരീതികൾ അനുസരിച്ചു ജീവിക്കരുത്. അവർ ഇവയൊക്കെ ചെയ്തതുകൊണ്ടു ഞാൻ അവരെ കഠിനമായി വെറുക്കുന്നു. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, “നിങ്ങൾ അവരുടെ ദേശം കൈവശമാക്കും; പാലും തേനും ഒഴുകുന്ന ആ ദേശം ഞാൻ നിങ്ങൾക്ക് അവകാശമായിത്തരും.” ജനതകളിൽനിന്നു നിങ്ങളെ വേർതിരിച്ച ദൈവമായ യഹോവ ഞാൻ ആകുന്നു. “ ‘നിങ്ങൾ അതുകൊണ്ടു ശുദ്ധവും അശുദ്ധവുമായ മൃഗങ്ങൾതമ്മിലും ശുദ്ധവും അശുദ്ധവുമായ പക്ഷികൾതമ്മിലും വേർതിരിക്കണം. നിങ്ങൾക്ക് അശുദ്ധമായി ഞാൻ മാറ്റിയിട്ടുള്ള ഏതൊരു മൃഗത്താലോ പക്ഷിയാലോ നിലത്തു ചരിക്കുന്ന യാതൊന്നിനാലുമോ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. യഹോവയായ ഞാൻ വിശുദ്ധനായതുകൊണ്ടു നിങ്ങൾ എനിക്കു വിശുദ്ധരായിരിക്കണം. എനിക്കു സ്വന്തമായിരിക്കേണ്ടതിനു നിങ്ങളെ ഞാൻ ഇതര ജനതകളിൽനിന്ന് വേർതിരിച്ചിരിക്കുന്നു. “ ‘നിങ്ങളുടെ ഇടയിൽ വെളിച്ചപ്പാടുകളോ ഭൂതസേവക്കാരോ ആയ സ്ത്രീപുരുഷന്മാർ ഉണ്ടെങ്കിൽ അവർ മരണശിക്ഷ അനുഭവിക്കണം. നിങ്ങൾ അവരെ കല്ലെറിയണം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.’ ”