വിലാപങ്ങൾ 3:37-58
വിലാപങ്ങൾ 3:37-58 MCV
കർത്താവ് ഉത്തരവു പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ, ആരുടെ ആജ്ഞയാണ് നിറവേറ്റപ്പെടുന്നത്? അത്യുന്നതന്റെ നാവിൽനിന്നാണല്ലോ വിനാശങ്ങളും നന്മകളും വരുന്നത്? തന്റെ പാപങ്ങൾനിമിത്തം ശിക്ഷിക്കപ്പെടുമ്പോൾ ജീവിക്കുന്ന ഏതു മനുഷ്യനും പരാതിപ്പെടുന്നത് എന്തിന്? നമുക്ക് നമ്മുടെ വഴികളെ പരിശോധിച്ച് അവയെ പരീക്ഷിക്കാം, നമുക്ക് യഹോവയിലേക്കു മടങ്ങാം. സ്വർഗത്തിലുള്ള ദൈവത്തിലേക്ക് നമ്മുടെ ഹൃദയങ്ങളും കരങ്ങളും ഉയർത്തിക്കൊണ്ടു പറയാം: “ഞങ്ങൾ പാപംചെയ്തു മത്സരിച്ചു അവിടന്ന് ക്ഷമിച്ചതുമില്ല. “അവിടന്ന് കോപം പുതച്ച് ഞങ്ങളെ പിൻതുടർന്നു; ദയയില്ലാതെ അവിടന്ന് കൊന്നുകളഞ്ഞിരിക്കുന്നു. പ്രാർഥനയൊന്നും കടന്നുവരാതിരിക്കത്തക്കവിധം അവിടന്ന് സ്വയം മേഘംകൊണ്ടു മൂടി. അവിടന്ന് ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിലെ മാലിന്യവും ചവറും ആക്കി മാറ്റിയിരിക്കുന്നു. “ഞങ്ങളുടെ ശത്രുക്കളെല്ലാം ഞങ്ങളുടെനേരേ അവരുടെ വായ് മലർക്കെ തുറന്നു. ഞങ്ങൾ ഭീതിയും കെണികളും തകർച്ചയും നാശവും സഹിച്ചു.” എന്റെ ജനം നശിപ്പിക്കപ്പെട്ടതിനാൽ എന്റെ മിഴികളിൽനിന്നു കണ്ണുനീർച്ചാലുകൾ ഒഴുകുന്നു. യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കിക്കാണുവോളം, എന്റെ മിഴികൾ ആശ്വാസമറിയാതെ നിരന്തരം ഒഴുകും. എന്റെ നഗരത്തിലെ സകലസ്ത്രീകളും നിമിത്തം ഞാൻ കാണുന്നതെന്തും എനിക്ക് ദുഃഖം വരുത്തുന്നു. കാരണംകൂടാതെ എന്റെ ശത്രുക്കളായിരുന്നവർ പക്ഷി എന്നപോലെ എന്നെ വേട്ടയാടി. ഒരു കുഴിയിൽ എന്റെ ജീവിതം അവസാനിപ്പിക്കാൻ അവർ ശ്രമിച്ചു, എന്റെനേരേ കല്ലുകൾ എറിയുകയും ചെയ്തു; വെള്ളം എന്റെ തലയ്ക്കുമീതേ കവിഞ്ഞു ഞാൻ നശിക്കാൻ പോകുകയാണ് എന്നുകരുതി. യഹോവേ, കുഴിയുടെ ആഴങ്ങളിൽനിന്ന് ഞാൻ അങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചു. “ആശ്വാസത്തിനുവേണ്ടിയുള്ള എന്റെ നിലവിളിക്ക് അവിടത്തെ ചെവി അടയ്ക്കരുതേ,” എന്ന എന്റെ അപേക്ഷ അവിടന്ന് കേട്ടു. ഞാൻ വിളിച്ചപ്പോൾ അവിടന്ന് അരികെവന്നു, അവിടന്ന് കൽപ്പിച്ചു, “ഭയപ്പെടരുത്.” കർത്താവേ, അവിടന്ന് എന്റെ വ്യവഹാരം ഏറ്റെടുത്ത് എന്റെ ജീവനെ അവിടന്ന് വീണ്ടെടുത്തു.

