വിലാപങ്ങൾ 3:16-33

വിലാപങ്ങൾ 3:16-33 MCV

അവിടന്ന് ചരലുകൊണ്ട് എന്റെ പല്ലു തകർത്തു; അവിടന്ന് എന്നെ പൂഴിയിൽ ഇട്ട് ഉരുട്ടുകയും ചെയ്തു. എനിക്ക് സമാധാനം നിഷേധിക്കപ്പെട്ടു; ഐശ്വര്യം എന്തെന്ന് ഞാൻ മറന്നുപോയി. അതുകൊണ്ട്, “എന്റെ മഹത്ത്വവും യഹോവയിൽനിന്ന് ഞാൻ പ്രത്യാശിച്ചതെല്ലാംതന്നെ പൊയ്പ്പോയിരിക്കുന്നു,” എന്നു ഞാൻ പറയുന്നു. എന്റെ കഷ്ടവും എന്റെ ഉഴൽച്ചയും കയ്‌പും കാഞ്ഞിരവും ഞാൻ ഓർക്കുന്നു. ഞാൻ അവയെ നന്നായി ഓർക്കുന്നു, എന്റെ പ്രാണൻ എന്റെയുള്ളിൽ വിഷാദപൂർണമായി. എങ്കിലും ഞാൻ ഇത് ഓർക്കും അതുകൊണ്ട് എനിക്ക് പ്രത്യാശയുണ്ട്: യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല. അവ പ്രഭാതംതോറും പുതിയതാകുന്നു; അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു. ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി; അതുകൊണ്ട് ഞാൻ അവിടത്തേക്കായി കാത്തിരിക്കും.” തന്നിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവൻ; രക്ഷ യഹോവയിൽനിന്നും വരുന്നതിനായി ക്ഷമയോടെ കാത്തിരിക്കുന്നത് നല്ലത്. യൗവനത്തിൽത്തന്നെ നുകം ചുമക്കുന്നത് പുരുഷന് നല്ലത്. യഹോവയാണ് അവന്മേൽ ആ നുകം വെച്ചിരിക്കുന്നത് അതിനാൽ അവൻ ഏകാകിയായി നിശ്ശബ്ദനായിരിക്കട്ടെ. പൂഴിയിൽ അവൻ മുഖം പൂഴ്ത്തട്ടെ; ഒരുപക്ഷേ ഇനിയും പ്രത്യാശയുണ്ടാകും. തന്നെ അടിക്കുന്നവന് അവൻ തന്റെ കവിൾ കാട്ടിക്കൊടുക്കട്ടെ, നിന്ദയാൽ അവൻ നിറയട്ടെ. കർത്താവ് ആരെയും ശാശ്വതമായി പരിത്യജിക്കുകയില്ല. അവിടന്ന് ദുഃഖംവരുത്തിയാലും, അവിടന്ന് കരുണകാണിക്കും, കാരണം അവിടത്തെ അചഞ്ചലസ്നേഹം അതിശ്രേഷ്ഠമാണ്. മനുഷ്യമക്കൾക്ക് അവിടന്ന് മനഃപൂർവം കഷ്ടതയോ ദുഃഖമോ വരുത്തുന്നില്ല.