അടുത്തദിവസം അതിരാവിലെ യോശുവ തന്റെ സൈന്യത്തെ സജ്ജരാക്കി. അവനും ഇസ്രായേലിന്റെ പ്രഭുക്കന്മാരും അവർക്കുമുമ്പായി ഹായിയിലേക്കു പുറപ്പെട്ടു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സൈന്യംമുഴുവനും പട്ടണത്തോടടുത്ത് അതിന്റെ മുമ്പിലെത്തി. അവർ പട്ടണത്തിനു വടക്കുഭാഗത്തായി, അവർക്കും ഹായിക്കും ഇടയ്ക്കു താഴ്വര ആയിരിക്കത്തക്കവണ്ണം പാളയമടിച്ചു. യോശുവ ഏകദേശം അയ്യായിരംപേരെ ബേഥേലിനും ഹായിക്കും ഇടയ്ക്കു പട്ടണത്തിനു പടിഞ്ഞാറായി പതിയിരുത്തി. അവർ പട്ടണത്തിനു വടക്ക് സൈന്യത്തെയും പടിഞ്ഞാറ് പതിയിരിപ്പുകാരെയും തയ്യാറാക്കിനിർത്തി. യോശുവ ആ രാത്രി താഴ്വരയിലേക്കു പോയി. ഹായിരാജാവ് ഇതു കണ്ടപ്പോൾ, അവനും പട്ടണനിവാസികൾ എല്ലാവരുംകൂടി, ഇസ്രായേലുമായുള്ള യുദ്ധത്തിന് അതിരാവിലെ അരാബയ്ക്ക് അഭിമുഖമായ ഒരു സ്ഥലത്തേക്കു വേഗം പുറപ്പെട്ടു. പട്ടണത്തിനു പിന്നിൽ തനിക്കെതിരായി പതിയിരുപ്പുണ്ടെന്ന് അവൻ അറിഞ്ഞില്ല. അവരിൽനിന്നും തിരിഞ്ഞോടുന്ന രീതിയിൽ യോശുവയും എല്ലാ ഇസ്രായേലും മരുഭൂമിയിലേക്കു കുതിച്ചു. ഹായിനിവാസികളെല്ലാം അവരെ പിടിക്കാൻ വന്നുചേർന്നു; യോശുവയെ പിൻതുടർന്ന അവർ പട്ടണത്തിൽനിന്നും വശീകരിക്കപ്പെട്ട് ദൂരെയായി. ഇസ്രായേലിനെ പിൻതുടരാത്തവരായി ഹായിയിലും ബേഥേലിലും ഒരുത്തനും ശേഷിച്ചില്ല. പട്ടണം തുറന്നിട്ടിട്ട് അവർ ഇസ്രായേലിനെ പിൻതുടർന്നു. അപ്പോൾ യഹോവ യോശുവയോട്, “നിന്റെ കൈയിലുള്ള വേൽ ഹായിക്കുനേരേ നീട്ടുക. ആ പട്ടണം ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും” എന്നു കൽപ്പിച്ചു. അങ്ങനെ യോശുവ അദ്ദേഹത്തിന്റെ വേൽ ഹായിക്കുനേരേ നീട്ടി. അദ്ദേഹം ഇതു ചെയ്തയുടൻ പതിയിരുന്നവർ തങ്ങൾ ഇരുന്ന സ്ഥാനത്തുനിന്നും ചാടി എഴുന്നേറ്റ് മുന്നോട്ടു കുതിച്ചു. അവർ പട്ടണത്തിൽ പ്രവേശിച്ച്, അതു പിടിച്ചെടുത്തു, ക്ഷണത്തിൽ അതിനു തീവെച്ചു. ഹായിപട്ടണക്കാർ തിരിഞ്ഞുനോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്കുയരുന്നതു കണ്ടു; രക്ഷപ്പെടാനുള്ള ഒരു മാർഗവും അവർ കണ്ടില്ല; മരുഭൂമിയിലേക്കോടിയ ഇസ്രായേല്യർ അവരെ പിൻതുടരുന്നവരുടെനേരേ തിരിഞ്ഞുവരികയും ചെയ്തു. പതിയിരിപ്പുകാർ പട്ടണം പിടിച്ചു എന്നും പട്ടണത്തിലെ പുക ആകാശത്തേക്കുയർന്നു എന്നും യോശുവയും എല്ലാ ഇസ്രായേലും കണ്ടപ്പോൾ അവർ തിരിഞ്ഞു ഹായിനിവാസികളെ ആക്രമിച്ചു. പട്ടണത്തിൽ പതിയിരുന്നവരും അവരുടെനേരേ വന്നു. ഇങ്ങനെ അവർ നടുവിലും ഇസ്രായേൽമക്കൾ ഇരുവശത്തുമായി. യുദ്ധത്തിൽനിന്നു രക്ഷപ്പെടുന്നവരായോ പലായിതരായോ ആരും ശേഷിക്കാത്ത തരത്തിൽ ഇസ്രായേല്യർ എല്ലാവരെയും കൊന്നുകളഞ്ഞു.
യോശുവ 8 വായിക്കുക
കേൾക്കുക യോശുവ 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോശുവ 8:10-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ