യോശുവ 5:10-15

യോശുവ 5:10-15 MCV

ആ മാസം പതിന്നാലാംതീയതി സന്ധ്യക്ക് യെരീഹോസമഭൂമിയിലെ ഗിൽഗാലിൽ പാളയമടിച്ചിരിക്കുമ്പോൾ ഇസ്രായേൽമക്കൾ പെസഹാ ആഘോഷിച്ചു. പെസഹായുടെ പിറ്റേന്നാൾതന്നെ അവർ ദേശത്തെ വിളവിൽനിന്നുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും മലരും ഭക്ഷിച്ചു. അവർ ദേശത്തെ വിളവിൽനിന്നുള്ള ഈ ഭക്ഷണം കഴിച്ചതിന്റെ അടുത്തദിവസംതന്നെ മന്ന നിന്നുപോയി. അതിനുശേഷം അവർക്കു മന്ന ലഭിച്ചതുമില്ല. അങ്ങനെ ആ വർഷംമുതൽ ഇസ്രായേല്യർ കനാൻദേശത്തെ വിളവു ഭക്ഷിച്ചു. യോശുവ യെരീഹോവിനു സമീപത്തായിരിക്കുമ്പോൾ തല ഉയർത്തിനോക്കി; ഒരാൾ കൈയിൽ വാൾ ഊരിപ്പിടിച്ചുകൊണ്ട് അവന്റെ മുമ്പിൽ നിൽക്കുന്നതു കണ്ടു; യോശുവ അവനോട്: “നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ?” എന്നു ചോദിച്ചു. അതിന് അവൻ, “ആരുടെയും പക്ഷമല്ല; ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ യോശുവ നിലത്തു സാഷ്ടാംഗം വീണു നമസ്കരിച്ചു; “എന്റെ കർത്താവിന് അവിടത്തെ ദാസനോടുള്ള കൽപ്പന എന്ത്?” എന്നു ചോദിച്ചു. യഹോവയുടെ സൈന്യാധിപതി അവനോട്, “നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുകയാൽ നിന്റെ ചെരിപ്പ് ഊരുക” എന്നു പറഞ്ഞു. യോശുവ അപ്രകാരംചെയ്തു.