നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോപ്പുകളുടെയും ഒലിവുതോട്ടങ്ങളുടെയും അനുഭവം നിങ്ങൾ ഭക്ഷിക്കുന്നു.’ “ആകയാൽ യഹോവയെ ഭയപ്പെട്ടു പരിപൂർണ വിശ്വസ്തതയോടെ അവിടത്തെ സേവിപ്പിൻ. ഈജിപ്റ്റിലും യൂഫ്രട്ടീസ് നദിക്കക്കരെയുംവെച്ചു നിങ്ങളുടെ പിതാക്കന്മാർ ഭജിച്ചുവന്ന ദേവന്മാരെ വലിച്ചെറിയുകയും യഹോവയെ സേവിക്കുകയും ചെയ്യുക. എന്നാൽ യഹോവയെ സേവിക്കുന്നത് നിങ്ങൾക്ക് അഭിലഷണീയമല്ലെന്നു തോന്നുന്നെങ്കിൽ, ഇന്നുതന്നെ നിങ്ങൾ ആരെ സേവിക്കുമെന്ന്—നിങ്ങളുടെ പിതാക്കന്മാർ യൂഫ്രട്ടീസ് നദിക്കക്കരെ സേവിച്ച ദേവന്മാരെയോ അഥവാ, നിങ്ങൾ താമസിക്കുന്ന ദേശത്തെ അമോര്യരുടെ ദേവന്മാരെയോ—ഇന്നുതന്നെ തെരഞ്ഞെടുത്തുകൊൾക. എന്നാൽ ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” അതിനു ജനം ഉത്തരമായി പറഞ്ഞു: “യഹോവയെ ഉപേക്ഷിച്ച് അന്യദേവന്മാരെ സേവിക്കാൻ ഞങ്ങൾക്ക് ഇടവരരുതേ! ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമനാടായ ഈജിപ്റ്റിൽനിന്ന് വിടുവിക്കുകയും ഞങ്ങൾ കാൺകെ വലിയ ചിഹ്നങ്ങൾ പ്രവർത്തിക്കയും യാത്രയിലും ഞങ്ങൾ കടന്നുപോന്ന എല്ലാ ദേശവാസികളുടെ ഇടയിലും ഞങ്ങളെ സുരക്ഷിതരായി കാക്കുകയും ചെയ്തതു ഞങ്ങളുടെ ദൈവമായ യഹോവതന്നെയല്ലോ. ദേശത്തു താമസിച്ചിരുന്ന അമോര്യർ ഉൾപ്പെടെ എല്ലാ ദേശവാസികളെയും അവിടന്ന് ഞങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളഞ്ഞു. ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും. അവിടന്നല്ലോ ഞങ്ങളുടെ ദൈവം.” യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങൾക്കു യഹോവയെ സേവിക്കാൻ കഴിയുന്നതല്ല; അവിടന്ന് പരിശുദ്ധനായ ദൈവം ആകുന്നു; തീക്ഷ്ണതയുള്ള ദൈവവും ആകുന്നു. നിങ്ങളുടെ അതിക്രമവും പാപവും അവിടന്ന് ക്ഷമിക്കുകയില്ല. നിങ്ങൾ യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പേ നിങ്ങൾക്കു നന്മ ചെയ്തതുപോലെ അവിടന്ന് ഇപ്പോൾ തിരിഞ്ഞു തിന്മ ചെയ്തു നിങ്ങളെ ഉന്മൂലനംചെയ്യും.” എന്നാൽ ജനം യോശുവയോട്: “അങ്ങനെയുണ്ടാകുകയില്ല, ഞങ്ങൾ യഹോവയെത്തന്നെ സേവിക്കും” എന്നു പറഞ്ഞു. അപ്പോൾ യോശുവ ജനത്തോട്: “നിങ്ങൾ യഹോവയെ സേവിക്കും എന്നു തെരഞ്ഞെടുത്തതിനു നിങ്ങൾക്കു നിങ്ങൾതന്നെ സാക്ഷികളായിരിക്കും” എന്നു പറഞ്ഞു. അവർ മറുപടിയായി: “അതേ, ഞങ്ങൾതന്നെ സാക്ഷികൾ ആകുന്നു” എന്നു പറഞ്ഞു. “ആകയാൽ നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ വലിച്ചെറിഞ്ഞു ഹൃദയം ഇസ്രായേലിന്റെ ദൈവമായ യഹോവയിൽ സമർപ്പിക്കുക,” എന്നു യോശുവ പറഞ്ഞു. ജനം യോശുവയോട്: “ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും. അവിടത്തെ വാക്കു ഞങ്ങൾ അനുസരിക്കും” എന്നു പറഞ്ഞു. ആ ദിവസം യോശുവ ജനത്തിനുവേണ്ടി ഒരു ഉടമ്പടി ഉണ്ടാക്കി അവിടെ ശേഖേമിൽവെച്ച് അതിനുവേണ്ട ഉത്തരവുകളും നിയമങ്ങളും ഉറപ്പിച്ചു. യോശുവ ഈ കാര്യങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണഗ്രന്ഥത്തിൽ രേഖപ്പെടുത്തി. പിന്നെ അദ്ദേഹം ഒരു വലിയ കല്ലെടുത്ത് യഹോവയുടെ വിശുദ്ധസ്ഥലത്തിന്നരികെയുള്ള കരുവേലകത്തിൻകീഴിൽ സ്ഥാപിച്ചു. യോശുവ സകലജനത്തോടും: “ഇതാ! ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; യഹോവ നമ്മോടു കൽപ്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും അതു കേട്ടിരിക്കുന്നു. ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കുന്നതിന്, അതു നിങ്ങൾക്കു സാക്ഷിയായിരിക്കും” എന്നു പറഞ്ഞു. പിന്നെ യോശുവ ജനത്തെ ഓരോരുത്തരെയും അവരുടെ അവകാശഭൂമിയിലേക്കു പറഞ്ഞയച്ചു.
യോശുവ 24 വായിക്കുക
കേൾക്കുക യോശുവ 24
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോശുവ 24:13-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ