യോശുവ 24:1-13

യോശുവ 24:1-13 MCV

ഇതിനുശേഷം യോശുവ ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം ശേഖേമിൽ കൂട്ടി; അവരുടെ ഗോത്രത്തലവന്മാരെയും നേതാക്കന്മാരെയും ന്യായാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും വിളിച്ചു. അവർ ദൈവസന്നിധിയിൽ വന്നു. യോശുവ സർവജനത്തോടുമായി പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘വളരെക്കാലം മുമ്പ് അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേരഹ് ഉൾപ്പെടെയുള്ള നിങ്ങളുടെ പൂർവികർ യൂഫ്രട്ടീസ് നദിക്കക്കരെ താമസിച്ച് അന്യദേവന്മാരെ ഭജിച്ചുവന്നു. എന്നാൽ, ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ യൂഫ്രട്ടീസ് നദിക്കക്കരെനിന്നു കൊണ്ടുവന്നു; കനാൻദേശത്തുകൂടി നടത്തി; അദ്ദേഹത്തിന് നിരവധി പിൻഗാമികളെ കൊടുക്കുകയും ചെയ്തു. ഞാൻ അദ്ദേഹത്തിന് യിസ്ഹാക്കിനെ നൽകി, യിസ്ഹാക്കിനു ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു. ഏശാവിനു ഞാൻ സേയീർപർവതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ മക്കളും ഈജിപ്റ്റിലേക്കു പോയി. “ ‘പിന്നെ ഞാൻ മോശയെയും അഹരോനെയും അയച്ചു; ഞാൻ അവിടെ ചെയ്ത പ്രവൃത്തികളാൽ ഈജിപ്റ്റുകാരെ പീഡിപ്പിച്ചു, നിങ്ങളെ സ്വതന്ത്രരാക്കി പുറത്ത് കൊണ്ടുവന്നു. നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽനിന്ന് പുറത്തുകൊണ്ടുവന്നപ്പോൾ നിങ്ങൾ ചെങ്കടലിനരികെവന്നു. ഈജിപ്റ്റുകാർ രഥങ്ങളോടും കുതിരപ്പട്ടാളത്തോടുംകൂടി അവരെ പിൻതുടർന്ന് ആ കടൽവരെ ചെന്നു. അപ്പോൾ അവർ യഹോവയോടു സഹായത്തിനു നിലവിളിച്ചു, അവിടന്ന് അവർക്കും ഈജിപ്റ്റുകാർക്കും ഇടയ്ക്ക് അന്ധകാരം വരുത്തി. കടൽ അവരുടെമേൽ മൂടി അവരെ മുക്കിക്കളഞ്ഞു; ഞാൻ ഈജിപ്റ്റുകാരോടു ചെയ്തതു നിങ്ങളുടെ കണ്ണിനാൽതന്നെ കണ്ടു. ഇതിനുശേഷം നിങ്ങൾ ഒരു നീണ്ട കാലയളവു മരുഭൂമിയിൽ താമസിച്ചു. “ ‘പിന്നെ ഞാൻ നിങ്ങളെ യോർദാന്റെ കിഴക്കുഭാഗത്തു താമസിച്ചിരുന്ന അമോര്യരുടെ ദേശത്തു കൊണ്ടുവന്നു; അവർ നിങ്ങളോടു യുദ്ധംചെയ്തു; എന്നാൽ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു. നിങ്ങളുടെമുമ്പിൽനിന്ന് ഞാൻ അവരെ നശിപ്പിച്ചുകളഞ്ഞു; അവരുടെ ദേശം നിങ്ങൾ കൈവശമാക്കി. മോവാബ് രാജാവായ സിപ്പോരിന്റെ മകൻ ബാലാക്ക് ഇസ്രായേലിനുനേരേ യുദ്ധംചെയ്യാൻ ഒരുങ്ങിയപ്പോൾ നിങ്ങളെ ശപിക്കാൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു; എങ്കിലും ബിലെയാമിന്റെ അപേക്ഷ ഞാൻ കേൾക്കായ്കയാൽ, അവൻ നിങ്ങളെ വീണ്ടും വീണ്ടും അനുഗ്രഹിച്ചു. ഇങ്ങനെ ഞാൻ നിങ്ങളെ അവന്റെ കൈയിൽനിന്നു രക്ഷിച്ചു. “ ‘പിന്നെ നിങ്ങൾ യോർദാൻ കടന്ന് യെരീഹോവിൽ എത്തി; യെരീഹോപട്ടണനിവാസികളും, അതുപോലെതന്നെ അമോര്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗശ്യർ, ഹിവ്യർ, യെബൂസ്യർ, എന്നിവരും നിങ്ങളോടു യുദ്ധംചെയ്തു; എന്നാൽ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു. ഞാൻ നിങ്ങൾക്കുമുമ്പായി കടന്നലിനെ അയച്ചു; അവ അവരെയും ആ രണ്ട് അമോര്യരാജാക്കന്മാരെയും നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞു; നിങ്ങളുടെ വാൾകൊണ്ടോ വില്ലുകൊണ്ടോ അല്ല ഇതു നേടിയത്. നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോപ്പുകളുടെയും ഒലിവുതോട്ടങ്ങളുടെയും അനുഭവം നിങ്ങൾ ഭക്ഷിക്കുന്നു.’