ഇതിനുശേഷം നൂന്റെ മകനായ യോശുവ ശിത്തീമിൽനിന്ന് രഹസ്യമായി രണ്ട് ചാരപ്രവർത്തകരെ അയച്ചു. “നിങ്ങൾ പോയി ദേശം പര്യവേക്ഷണംചെയ്യുക വിശിഷ്യ, യെരീഹോപട്ടണവും നോക്കുക” എന്നു പറഞ്ഞു. അവർ പോയി രാഹാബ് എന്നു പേരുള്ള ഒരു ഗണികയുടെ വീട്ടിൽ പ്രവേശിച്ച് അവിടെ താമസിച്ചു. “ഇസ്രായേൽമക്കളിൽ ചിലർ ദേശത്തെ പര്യവേക്ഷണംചെയ്യാൻ രാത്രിയിൽ ഇവിടെ വന്നിരിക്കുന്നു,” എന്നു യെരീഹോരാജാവിന് അറിവുകിട്ടി. അതുകൊണ്ട് യെരീഹോരാജാവ് രാഹാബിന് ഇപ്രകാരം കൽപ്പനകൊടുത്തു: “നിന്റെ അടുക്കൽവന്ന് വീട്ടിൽ പ്രവേശിച്ചിരിക്കുന്ന പുരുഷന്മാരെ പുറത്തിറക്കിത്തരിക; അവർ ദേശമൊക്കെയും പര്യവേക്ഷണംചെയ്യാൻ വന്നവരാകുന്നു.” എന്നാൽ ആ സ്ത്രീ രണ്ടു പുരുഷന്മാരെയും ഒളിപ്പിച്ചിരുന്നു. അവൾ ഇപ്രകാരം പറഞ്ഞു: “ആ പുരുഷന്മാർ ഇവിടെ വന്നിരുന്നു എന്നതു ശരിതന്നെ; എങ്കിലും അവർ എവിടെനിന്നു വന്നു എന്നു ഞാൻ അറിഞ്ഞിരുന്നില്ല. ഇരുട്ടായപ്പോൾ പട്ടണവാതിൽ അടയ്ക്കുന്ന സമയത്ത് അവർ സ്ഥലംവിട്ടു. അവർ ഏതുവഴി പോയി എന്നും എനിക്കറിഞ്ഞുകൂടാ. വേഗം അവരെ പിൻതുടരുക. ഒരുപക്ഷേ അവരെ കണ്ടുപിടിക്കാം.” (എന്നാൽ അവൾ അവരെ വീട്ടിന്മുകളിൽകൊണ്ടുപോയി അവിടെ നിരത്തിയിട്ടിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചിരുന്നു.) ചാരപ്രവർത്തകരെ തേടിവന്നവർ അവരെ തെരഞ്ഞ് യോർദാൻനദീതീരംവരെ പോയി, രാജാവിന്റെ ആളുകൾ പുറപ്പെട്ട ഉടനെതന്നെ പട്ടണവാതിൽ അടച്ചു.
യോശുവ 2 വായിക്കുക
കേൾക്കുക യോശുവ 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോശുവ 2:1-7
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ