യോശുവ 15:13-19

യോശുവ 15:13-19 MCV

യഹോവയുടെ അരുളപ്പാടനുസരിച്ച് യോശുവ യെഹൂദയുടെ ഒരു ഭാഗമായ കിര്യത്ത്-അർബാ എന്ന ഹെബ്രോൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ടു കൊടുത്തു. (അർബാ അനാക്കിന്റെ പൂർവപിതാവ് ആയിരുന്നു) ഹെബ്രോനിൽനിന്ന് ശേശായി, അഹീമാൻ, തൽമായി എന്നിങ്ങനെ അനാക്കിന്റെ പിൻഗാമികളായ മൂന്ന് അനാക്യകുലങ്ങളെ കാലേബ് ഓടിച്ചുകളഞ്ഞു. അവിടെനിന്ന് അദ്ദേഹം ദെബീർനിവാസികൾക്കെതിരേയുള്ള യുദ്ധത്തിന് അണിനിരന്നു. ദെബീറിന്റെ പഴയപേർ കിര്യത്ത്-സേഫെർ എന്നായിരുന്നു. അപ്പോൾ കാലേബ്, “കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ വിവാഹംചെയ്തുകൊടുക്കും” എന്നു പറഞ്ഞു. കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നിയേൽ അതു കീഴടക്കി; അങ്ങനെ കാലേബ് തന്റെ മകൾ അക്സയെ അവനു ഭാര്യയായി കൊടുത്തു. അക്സ ഒത്നിയേലിനെ വിവാഹംകഴിച്ച ദിവസം, തന്റെ പിതാവിന്റെ ഒരു വയൽ ചോദിക്കാൻ അവൾ ഒത്നിയേലിനെ പ്രേരിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ കാലേബ് അവളോട്, “നിനക്കു ഞാൻ എന്തു ചെയ്തുതരണം?” എന്നു ചോദിച്ചു. അവൾ മറുപടിയായി, “ഒരു അനുഗ്രഹംകൂടി എനിക്കു തരണമേ; അങ്ങ് എനിക്കു തെക്കേദേശമാണല്ലോ തന്നിരിക്കുന്നത്. നീരുറവകളുംകൂടി എനിക്കു തരേണമെ” എന്നപേക്ഷിച്ചു. അതുകൊണ്ട് കാലേബ് അവൾക്കു മലകളിലും താഴ്വരകളിലും നീരുറവകൾ കൊടുത്തു.