യോനാ 1:11-17

യോനാ 1:11-17 MCV

കടൽക്ഷോഭം കൂടുതൽ ശക്തമായിക്കൊണ്ടിരുന്നതിനാൽ അവർ അദ്ദേഹത്തോട്: “കടൽ ശാന്തമാകേണ്ടതിന് ഞങ്ങൾ നിന്നെ എന്തു ചെയ്യണം?” എന്നു ചോദിച്ചു. “എന്നെ എടുത്ത് കടലിലേക്ക് എറിഞ്ഞുകളയുക, അപ്പോൾ കടൽ ശാന്തമാകും,” അദ്ദേഹം മറുപടി പറഞ്ഞു, “ഈ കൊടുങ്കാറ്റ് നിങ്ങളുടെമേൽ ആഞ്ഞടിക്കുന്നത് എന്റെ കുറ്റം നിമിത്തമാണ് എന്ന് എനിക്കറിയാം.” അവർ സർവശക്തിയും ഉപയോഗിച്ചു കപ്പൽ കരയ്ക്കടുപ്പിക്കേണ്ടതിന് തുഴഞ്ഞു എങ്കിലും കടൽക്ഷോഭം വർധിച്ചുകൊണ്ടിരുന്നതിനാൽ അവർക്കതിനു സാധിച്ചില്ല. അപ്പോൾ അവർ യഹോവയോടു നിലവിളിച്ചപേക്ഷിച്ചു: “യഹോവേ, ഈ മനുഷ്യന്റെ കുറ്റംനിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; ഒരു നിർദോഷിയെ കൊലചെയ്തു എന്ന പാതകം ഞങ്ങളുടെമേൽ വരുത്തരുതേ!” എന്നപേക്ഷിച്ചു; “യഹോവേ, അങ്ങയുടെ ഇഷ്ടംപോലെ അങ്ങ് ചെയ്തിരിക്കുന്നല്ലോ.” പിന്നെ അവർ യോനായെ എടുത്തു കടലിൽ എറിഞ്ഞു, ഉടൻതന്നെ കടൽ ശാന്തമാകുകയും ചെയ്തു. അപ്പോൾ അവർ യഹോവയെ അത്യധികം ഭയപ്പെട്ടു; യഹോവയ്ക്ക് അവർ യാഗം അർപ്പിക്കുകയും നേർച്ചകൾ നേരുകയും ചെയ്തു. യോനായെ വിഴുങ്ങാൻ ഒരു മഹാമത്സ്യത്തെ യഹോവ നിയോഗിച്ചു. അങ്ങനെ യോനാ മൂന്നുപകലും മൂന്നുരാവും ആ മത്സ്യത്തിന്റെ വയറ്റിൽ ആയിരുന്നു.