യോവേൽ 2:2-14

യോവേൽ 2:2-14 MCV

അന്ധകാരവും ഇരുട്ടുമുള്ള ഒരു ദിവസം, മേഘങ്ങളും കൂരിരുട്ടുമുള്ള ഒരു ദിവസംതന്നെ. പർവതങ്ങളിൽ പ്രഭാതം പടരുന്നതുപോലെ വലുപ്പമുള്ളതും ശക്തിയേറിയതുമായ ഒരു സൈന്യം വരുന്നു. പണ്ട് അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല വരാനിരിക്കുന്ന കാലങ്ങളിൽ അങ്ങനെയൊന്ന് ഉണ്ടാകുകയുമില്ല. അവരുടെമുമ്പിൽ അഗ്നി കത്തുന്നു, അവരുടെ പിന്നിൽ ജ്വാല മിന്നുന്നു. അവരുടെമുമ്പിൽ ദേശം ഏദെൻതോട്ടംപോലെ, അവരുടെ പിന്നിൽ ശൂന്യമരുഭൂമി— അവരിൽനിന്ന് ഒന്നും ഒഴിഞ്ഞുപോകുന്നില്ല. അവർക്കു കുതിരകളോടു സാമ്യമുണ്ട്; അവർ കുതിരപ്പടയോടൊപ്പം ചാടുന്നു. രഥങ്ങളുടെ ആരവത്തോടെ അവർ പർവതമേടുകളിൽ ചാടുന്നു അവർ വൈക്കോൽക്കുറ്റികളെ ദഹിപ്പിക്കുന്ന തീപോലെയും യുദ്ധസന്നദ്ധരായ ശക്തരായ ഒരു സൈന്യംപോലെയുമാകുന്നു. അവരെ കാണുന്ന ജനങ്ങൾ പരിഭ്രാന്തരാകുന്നു; എല്ലാ മുഖങ്ങളും വിളറുന്നു. അവർ യുദ്ധവീരന്മാരെപ്പോലെ നീങ്ങുന്നു; പടയാളികളെപ്പോലെ മതിൽ കയറുന്നു. അവർ അണിതെറ്റാതെ നിരയായി നീങ്ങുന്നു. അവർ തിങ്ങിഞെരുങ്ങുന്നില്ല; ഓരോരുത്തരായി നേരേ മുമ്പോട്ടു നീങ്ങുന്നു. അവർ മുറിവേൽക്കാതെ വാളുകൾക്കിടയിലൂടെ ചാടുന്നു. അവർ പട്ടണങ്ങളിലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവർ മതിലിന്മീതേ ഓടുന്നു. അവർ വീടുകളിൽ കടക്കുന്നു; മോഷ്ടാക്കളെപ്പോലെ അവർ ജനാലകളിൽക്കൂടെ പ്രവേശിക്കുന്നു. അവരുടെമുമ്പിൽ ഭൂമി കുലുങ്ങുന്നു, ആകാശം വിറയ്ക്കുന്നു, സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു, നക്ഷത്രങ്ങൾ പ്രകാശിക്കുന്നതുമില്ല. യഹോവ തന്റെ സൈന്യത്തിന്റെ മുൻനിരയിൽ ഇടിമുഴക്കുന്നു; അവിടത്തെ സൈന്യം അസംഖ്യമാണ്, അവിടത്തെ കൽപ്പന അനുസരിക്കുന്നവർ ശക്തരാണ്. യഹോവയുടെ ദിവസം മഹത്തരം; അതു ഭയങ്കരം. അത് അതിജീവിക്കാൻ ആർക്കു കഴിയും? “ഇപ്പോഴെങ്കിലും, പൂർണഹൃദയത്തോടും ഉപവാസത്തോടും കണ്ണുനീരോടും കരച്ചിലോടുംകൂടെ എന്റെ അടുക്കലേക്കു മടങ്ങിവരിക,” എന്ന് യഹോവ കൽപ്പിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങളെയല്ല, ഹൃദയത്തെത്തന്നെ കീറുവിൻ; നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിവരിക, അവിടന്ന് കൃപയും മനസ്സലിവും ഉള്ളവൻ; എളുപ്പം കോപിക്കാത്തവനും സ്നേഹത്തിൽ സമ്പന്നനും ആകുന്നു, അവിടന്ന് അനർഥം അയയ്ക്കുന്നതിൽ അനുതപിക്കുന്നു. അവിടന്ന് തിരിഞ്ഞു കരുണകാണിക്കും, ഒരു അനുഗ്രഹം ശേഷിപ്പിക്കും, ആർക്കറിയാം? നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കാൻ കഴിയുമായിരിക്കും.