ഇയ്യോബ് 1:6-12

ഇയ്യോബ് 1:6-12 MCV

ഒരു ദിവസം ദൈവദൂതന്മാർ യഹോവയുടെ സന്നിധിയിൽ മുഖം കാണിക്കാൻ ചെന്നു. സാത്താനും അവരോടൊപ്പം ചെന്നിരുന്നു. യഹോവ സാത്താനോട്: “നീ എവിടെനിന്നു വരുന്നു?” എന്ന് ആരാഞ്ഞു. “ഞാൻ ഭൂമിയിലെല്ലാം ചുറ്റിസഞ്ചരിച്ച് സകലവും നിരീക്ഷിച്ചിട്ട് വരുന്നു” എന്നായിരുന്നു സാത്താന്റെ മറുപടി. യഹോവ സാത്താനോട്, “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും പരമാർഥിയും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനുമായി ആരുംതന്നെ ഭൂമിയിൽ ഇല്ലല്ലോ” എന്നു പറഞ്ഞു. സാത്താൻ പറഞ്ഞു: “യാതൊരു കാരണവുമില്ലാതെയാണോ ഇയ്യോബ് ദൈവത്തെ ഭയപ്പെടുന്നത്? അങ്ങ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ എല്ലാ വസ്തുവകകൾക്കും ചുറ്റുമായി വേലികെട്ടി അടച്ചിരിക്കുകയല്ലേ? അങ്ങ് അദ്ദേഹത്തിന്റെ കൈകളുടെ പ്രവൃത്തി അനുഗ്രഹിച്ചിരിക്കുന്നു; അതുകൊണ്ട് അദ്ദേഹത്തിന്റെ ആടുമാടുകൾ ദേശത്തു വർധിച്ചുമിരിക്കുന്നു. എന്നാൽ അങ്ങയുടെ കരമൊന്നു നീട്ടി അദ്ദേഹത്തിനുള്ളതെല്ലാം ഒന്നു തൊടുക. അയാൾ മുഖത്തുനോക്കി അങ്ങയെ നിന്ദിക്കും.” അപ്പോൾ യഹോവ സാത്താനോട്: “കൊള്ളാം, ഇതാ, അവനുള്ളതൊക്കെയും നിന്റെ അധീനതയിലിരിക്കുന്നു. അവന്റെമേൽമാത്രം നീ കൈവെക്കരുത്” എന്നു പറഞ്ഞു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പുറപ്പെട്ടുപോയി.