യോഹന്നാൻ 8:1-30

യോഹന്നാൻ 8:1-30 MCV

യേശുവോ, ഒലിവുമലയിലേക്കു യാത്രയായി. അതിരാവിലെ യേശു വീണ്ടും ദൈവാലയാങ്കണത്തിൽ എത്തി. ജനങ്ങൾ അദ്ദേഹത്തിന്റെ ചുറ്റും വന്നുകൂടി. അവിടന്ന് അവരെ ഉപദേശിക്കാനായി ഇരുന്നു. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ വേദജ്ഞരും പരീശന്മാരും കൊണ്ടുവന്നു. അവർ അവളെ ജനമധ്യത്തിൽ നിർത്തിയിട്ട് യേശുവിനോട് ഇങ്ങനെ പറഞ്ഞു: “ഗുരോ, ഈ സ്ത്രീ വ്യഭിചാരം ചെയ്തുകൊണ്ടിരിക്കുമ്പോൾ പിടിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ള സ്ത്രീകളെ കല്ലെറിയണമെന്നു മോശ ന്യായപ്രമാണത്തിൽ ഞങ്ങളോടു കൽപ്പിച്ചിരിക്കുന്നു. അങ്ങ് എന്തുപറയുന്നു?” അദ്ദേഹത്തെ കുറ്റം ചുമത്തേണ്ടതിന് എന്തെങ്കിലും തക്ക കാരണം കിട്ടുന്നതിന് അവർ പ്രയോഗിച്ച ഒരു കെണിയായിരുന്നു ഈ ചോദ്യം. എന്നാൽ യേശു കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. ചോദ്യം തുടർന്നപ്പോൾ യേശു നിവർന്ന് അവരോട്, “നിങ്ങളിൽ പാപം ഇല്ലാത്തവൻ ഇവളെ ആദ്യം കല്ലെറിയട്ടെ” എന്നു പറഞ്ഞു. അദ്ദേഹം വീണ്ടും കുനിഞ്ഞു മണ്ണിലെഴുതിക്കൊണ്ടിരുന്നു. അവർ അതു കേട്ടിട്ട്, കുറ്റബോധത്താൽ ഏറ്റവും മുതിർന്നവർമുതൽ ഇളയവർവരെ ഓരോരുത്തരായി സ്ഥലംവിട്ടുപോയി. ഒടുവിൽ യേശുവും ജനമധ്യത്തിൽനിന്നിരുന്ന സ്ത്രീയും ശേഷിച്ചു. യേശു നിവർന്ന് അവളോട്, “സ്ത്രീയേ, അവർ എവിടെ? ആരും നിനക്കു ശിക്ഷ വിധിച്ചില്ലേ?” എന്നു ചോദിച്ചു. “ഇല്ല പ്രഭോ,” അവൾ മറുപടി പറഞ്ഞു. അതിന് യേശു, “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല; പോകുക, ഇനി പാപംചെയ്യരുത്.” എന്നു പറഞ്ഞു. യേശു വീണ്ടും ജനങ്ങളോടു സംസാരിച്ചു: “ഞാൻ ആകുന്നു ലോകത്തിന്റെ പ്രകാശം. എന്നെ അനുഗമിക്കുന്നവർ ഒരിക്കലും ഇരുളിൽ നടക്കുന്നില്ല; അവർ ജീവന്റെ പ്രകാശമുള്ളവരാകും.” പരീശന്മാർ അദ്ദേഹത്തോട്, “താങ്കൾ താങ്കളെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നു, അത് സത്യമല്ല” എന്നു പറഞ്ഞു. മറുപടിയായി യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നെങ്കിലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും എനിക്കറിയാം. എന്നാൽ, ഞാൻ എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നിങ്ങൾ അറിയുന്നില്ല. നിങ്ങൾ മനുഷ്യന്റെ മാനദണ്ഡമനുസരിച്ച് വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല. ഞാൻ വിധിക്കുന്നെങ്കിലോ, ഞാൻ ഏകനായല്ല, എന്നെ അയച്ച പിതാവിനോടുചേർന്ന് ആകയാൽ എന്റെ വിധി സത്യമാകുന്നു. രണ്ടുപേരുടെ സാക്ഷ്യം സത്യമെന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടുണ്ടല്ലോ. ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെപ്പറ്റി സാക്ഷ്യം പറയുന്നു.” “താങ്കളുടെ പിതാവ് എവിടെ?” അവർ ചോദിച്ചു. യേശു ഉത്തരം പറഞ്ഞു. “നിങ്ങൾക്ക് എന്നെയോ എന്റെ പിതാവിനെയോ അറിഞ്ഞുകൂടാ. നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” ദൈവാലയാങ്കണത്തിലെ ഭണ്ഡാരസ്ഥലത്തുവെച്ച് ഉപദേശിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഈ വാക്കുകൾ പറഞ്ഞത്. എങ്കിലും അദ്ദേഹത്തിന്റെ സമയം വന്നിട്ടില്ലായിരുന്നതുകൊണ്ട് ആരും അദ്ദേഹത്തെ ബന്ധിച്ചില്ല. യേശു വീണ്ടും അവരോട് ഇങ്ങനെ പറഞ്ഞു: “ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും. നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും. ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല.” അതിന് യെഹൂദനേതാക്കന്മാർ ചോദിച്ചു, “ഇയാൾ ആത്മഹത്യചെയ്യുമോ? അതുകൊണ്ടായിരിക്കുമോ ‘ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വരാൻ കഴിയുകയില്ല,’ എന്നിയാൾ പറയുന്നത്?” യേശു ഇങ്ങനെ തുടർന്നു, “നിങ്ങൾ താഴെനിന്നുള്ളവരാണ്; ഞാൻ ഉയരത്തിൽനിന്നുള്ളവനും. നിങ്ങൾ ഇഹലോകത്തിനുള്ളവരാണ്, ഞാനോ ഐഹികനല്ല. നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ പറഞ്ഞുവല്ലോ; ഞാൻ ഉന്നതങ്ങളിൽനിന്ന് വന്ന ‘ഞാൻ ആകുന്നു’ എന്നു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.” “താങ്കൾ ആരാണ്?” അവർ ചോദിച്ചു. യേശു മറുപടി പറഞ്ഞു: “ഞാൻ എന്നെപ്പറ്റി ആദ്യംമുതലേ പറഞ്ഞുപോരുന്നതുതന്നെ. എനിക്കു നിങ്ങളെക്കുറിച്ചു പല കാര്യങ്ങൾ പറയാനും ന്യായംവിധിക്കാനുമുണ്ട്. എന്നെ അയച്ചവൻ സത്യവാൻ ആകുന്നു. അവിടന്ന് എന്നോടു സംസാരിച്ച കാര്യങ്ങൾ ഞാൻ ലോകത്തെ അറിയിക്കുന്നു.” അദ്ദേഹം തന്റെ പിതാവിനെക്കുറിച്ചാണു സംസാരിച്ചതെന്ന് അവർ ഗ്രഹിച്ചില്ല. അതുകൊണ്ട് യേശു പറഞ്ഞു: “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിക്കഴിയുമ്പോൾ ‘ഞാൻ ആകുന്നു’ എന്നത് ആരെന്നും ഞാൻ സ്വയമായി ഒന്നും ചെയ്യാതെ എന്റെ പിതാവ് ഉപദേശിച്ചുതന്നതുമാത്രം സംസാരിക്കുന്നെന്നും നിങ്ങൾ അറിയും. എന്നെ അയച്ചവൻ എന്റെ കൂടെയുണ്ട്. അവിടന്ന് എന്നെ ഏകനായി വിട്ടിട്ടില്ല; ഞാൻ എപ്പോഴും അവിടത്തേക്ക് പ്രസാദമുള്ളതു പ്രവർത്തിക്കുന്നു.” യേശു ഈ സംസാരിച്ചതു കേട്ടപ്പോൾ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു.