“ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം,” എന്ന് യേശു പറഞ്ഞതുകൊണ്ട് യെഹൂദനേതാക്കന്മാർ അദ്ദേഹത്തെക്കുറിച്ചു പിറുപിറുത്ത്, “ഇയാൾ യോസേഫിന്റെ മകനായ യേശു അല്ലേ? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്കറിയാമല്ലോ. പിന്നെ, ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു,’ എന്ന് ഇയാൾ പറയുന്നതെന്ത്?” എന്ന് അവർ പറഞ്ഞു. യേശു പറഞ്ഞു: “നിങ്ങൾ പരസ്പരം പിറുപിറുക്കേണ്ടാ. എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല; അന്ത്യനാളിൽ ഞാൻ അവരെ ഉയിർപ്പിക്കും. ‘എല്ലാവരും ദൈവത്താൽ പഠിപ്പിക്കപ്പെട്ടവരായിത്തീരും,’ ” എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിന്റെ വാക്കുകൾ കേട്ടുപഠിച്ചവരെല്ലാം എന്റെ അടുക്കൽവരും. ദൈവത്തിൽനിന്നുള്ളവനല്ലാതെ മറ്റാരും പിതാവിനെ കണ്ടിട്ടില്ല; അയാൾമാത്രം പിതാവിനെ കണ്ടിരിക്കുന്നു. “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: എന്നിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. ഞാൻ ആകുന്നു ജീവന്റെ അപ്പം. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവെച്ചു മന്നാ ഭക്ഷിച്ചിട്ടും മരിച്ചു. എന്നാൽ, ഭക്ഷിക്കുന്നവർ മരിക്കാതിരിക്കേണ്ടതിനു സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പം ഇതാ! ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം; ഈ അപ്പം തിന്നുന്നവർ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന അപ്പമോ, എന്റെ മാംസം ആകുന്നു.” അപ്പോൾ യെഹൂദനേതാക്കന്മാർ പരസ്പരം രൂക്ഷമായി തർക്കിച്ചുതുടങ്ങി: “നമുക്കു ഭക്ഷിക്കാൻ തന്റെ മാംസം തരാൻ ഇദ്ദേഹത്തിന് എങ്ങനെ കഴിയും?” യേശു അവരോട്, “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കാതെയും അവന്റെ രക്തം പാനംചെയ്യാതെയുമിരുന്നാൽ നിങ്ങളിൽ ജീവനില്ല. എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവർക്ക് നിത്യജീവനുണ്ട്. ഞാൻ അന്ത്യനാളിൽ അവരെ ഉയിർപ്പിക്കും. എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു. എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവർ എന്നിലും ഞാൻ അവരിലും വസിക്കും. ജീവിക്കുന്ന പിതാവ് എന്നെ അയച്ചിട്ടു ഞാൻ പിതാവിനാൽ ജീവിക്കുന്നതുപോലെ, എന്നെ ഭക്ഷിക്കുന്നവർ ഞാൻമൂലം ജീവിക്കും. ഇതാകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം. നിങ്ങളുടെ പിതാക്കന്മാർ മന്നാ ഭക്ഷിക്കുകയും മരിക്കുകയും ചെയ്തു. എന്നാൽ, ഈ അപ്പം ഭക്ഷിക്കുന്നവർ എന്നേക്കും ജീവിക്കും.” കഫാർനഹൂമിലെ യെഹൂദപ്പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഈ പ്രസ്താവന ചെയ്തത്. ഇതു കേട്ട് തന്റെ ശിഷ്യന്മാരിൽ പലരും, “ഇത് കഠിനമായ ഉപദേശം; ഇത് അംഗീകരിക്കാൻ ആർക്കു കഴിയും?” എന്നു പറഞ്ഞു. ശിഷ്യന്മാർ ഇതെക്കുറിച്ചു പിറുപിറുക്കുന്നെന്നു മനസ്സിലാക്കിയിട്ട് യേശു അവരോടു പറഞ്ഞത്: “ഇതു നിങ്ങൾക്ക് ഇടർച്ചയുണ്ടാക്കുന്നോ? മനുഷ്യപുത്രൻ മുമ്പ് ആയിരുന്നേടത്തേക്കു കയറിപ്പോകുന്നത് നിങ്ങൾക്കു കാണാൻ കഴിഞ്ഞെങ്കിലോ? ജീവിപ്പിക്കുന്നത് ആത്മാവാകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല. ഞാൻ സംസാരിച്ചിട്ടുള്ള വചനങ്ങൾ ആത്മാവും ജീവനും ആകുന്നു. എങ്കിലും വിശ്വസിക്കാത്ത ചിലർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട്.” അവരിൽ ആരാണു വിശ്വസിക്കാത്തതെന്നും തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരെന്നും ആദ്യംമുതൽ യേശു അറിഞ്ഞിരുന്നു. അവിടന്ന് തുടർന്നു: “ഇതുകൊണ്ടാണ് പിതാവ് വരം നൽകിയിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ സാധ്യമല്ലെന്നു ഞാൻ നിങ്ങളോടു പറഞ്ഞത്.” അപ്പോൾമുതൽ ശിഷ്യന്മാരിൽ പലരും അദ്ദേഹത്തെ വിട്ടുപോയി. അവർ പിന്നെ ഒരിക്കലും അദ്ദേഹത്തെ അനുഗമിച്ചില്ല. “നിങ്ങളും വിട്ടുപോകാൻ ആഗ്രഹിക്കുന്നോ?” യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോട് ചോദിച്ചു. അതിനു ശിമോൻ പത്രോസ് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെപക്കൽ ഉണ്ടല്ലോ. അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശ്വസിക്കുകയും അറിയുകയുംചെയ്യുന്നു.” അപ്പോൾ യേശു, “നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തെരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുവൻ പിശാചാണ്” എന്നു പറഞ്ഞു. (ശിമോൻ ഈസ്കര്യോത്തിന്റെ മകനായ യൂദായെ ഉദ്ദേശിച്ചാണ് അദ്ദേഹമിതു പറഞ്ഞത്. അയാൾ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനെങ്കിലും പിന്നീട് അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനുള്ളവനായിരുന്നു.)
യോഹന്നാൻ 6 വായിക്കുക
കേൾക്കുക യോഹന്നാൻ 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹന്നാൻ 6:41-71
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ