യോഹന്നാൻ 6:25-35

യോഹന്നാൻ 6:25-35 MCV

തടാകത്തിന്റെ അക്കരെ യേശുവിനെ കണ്ടപ്പോൾ അവർ അദ്ദേഹത്തോട്, “റബ്ബീ, അങ്ങ് എപ്പോൾ ഇവിടെ എത്തി?” എന്നു ചോദിച്ചു. യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ എന്നെ അന്വേഷിക്കുന്നത് അത്ഭുതചിഹ്നങ്ങൾ കണ്ടിട്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടാണ്. നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവനിലേക്കു നിലനിൽക്കുന്ന ആഹാരത്തിനുവേണ്ടിത്തന്നെ പ്രവർത്തിക്കുക; അതു മനുഷ്യപുത്രൻ നിങ്ങൾക്കു നൽകും. അവന്റെമേൽ പിതാവായ ദൈവം അവിടത്തെ അംഗീകാരമുദ്ര പതിപ്പിച്ചിരിക്കുന്നു.” അപ്പോൾ അവർ അദ്ദേഹത്തോടു ചോദിച്ചു, “ദൈവത്തിനു ഹിതകരമായി ഞങ്ങൾ ചെയ്യേണ്ടുന്ന പ്രവൃത്തികൾ എന്തെല്ലാമാണ്?” “ദൈവം അയച്ചവനിൽ വിശ്വസിക്കുക; ഇതാണ് ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി,” യേശു ഉത്തരം പറഞ്ഞു. അപ്പോൾ അവർ ചോദിച്ചു: “ഞങ്ങൾ കണ്ട് അങ്ങയിൽ വിശ്വസിക്കേണ്ടതിന് എന്ത് അത്ഭുതചിഹ്നമാണ് അങ്ങു ചെയ്യുന്നത്? ഞങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ ഭക്ഷിച്ചു; ‘അവിടന്ന് അവർക്കു ഭക്ഷിക്കാൻ സ്വർഗത്തിൽനിന്ന് അപ്പം നൽകി,’ എന്നു രേഖപ്പെടുത്തിയിരിക്കുന്നല്ലോ.” യേശു അവരോടു പറഞ്ഞു, “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: മോശയല്ല നിങ്ങൾക്കു സ്വർഗത്തിൽനിന്ന് അപ്പം തന്നത്; സ്വർഗത്തിൽനിന്നുള്ള യഥാർഥ അപ്പം നിങ്ങൾക്കു തരുന്നത് എന്റെ പിതാവാണ്. ദൈവത്തിന്റ അപ്പമോ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവൻ നൽകുന്നവൻ ആകുന്നു.” “കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരണമേ,” അവർ അദ്ദേഹത്തോടപേക്ഷിച്ചു. അപ്പോൾ യേശു പറഞ്ഞത്: “ഞാൻ ആകുന്നു ജീവന്റെ അപ്പം. എന്റെ അടുക്കൽ വരുന്നവന് ഒരുനാളും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല.