ഒരു വള്ളംമാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും യേശു അതിൽ കയറിയിരുന്നില്ല, ശിഷ്യന്മാർ തനിച്ചാണു പോയതെന്നും തടാകത്തിന്റെ അക്കരെ ഉണ്ടായിരുന്ന ജനക്കൂട്ടം പിറ്റേന്നാൾ മനസ്സിലാക്കി. തിബെര്യാസിൽനിന്ന്, ചില വള്ളങ്ങൾ കർത്താവ് സ്തോത്രംചെയ്തു നൽകിയ അപ്പം ജനങ്ങൾ ഭക്ഷിച്ച സ്ഥലത്തേക്കു വന്നുചേർന്നു. യേശുവോ ശിഷ്യന്മാരോ അവിടെ ഇല്ലെന്നു മനസ്സിലാക്കിയ ജനസമൂഹം യേശുവിനെ അന്വേഷിച്ചു വള്ളങ്ങളിൽ കയറി കഫാർനഹൂമിലേക്കു യാത്രയായി. തടാകത്തിന്റെ അക്കരെ യേശുവിനെ കണ്ടപ്പോൾ അവർ അദ്ദേഹത്തോട്, “റബ്ബീ, അങ്ങ് എപ്പോൾ ഇവിടെ എത്തി?” എന്നു ചോദിച്ചു. യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ എന്നെ അന്വേഷിക്കുന്നത് അത്ഭുതചിഹ്നങ്ങൾ കണ്ടിട്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടാണ്. നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവനിലേക്കു നിലനിൽക്കുന്ന ആഹാരത്തിനുവേണ്ടിത്തന്നെ പ്രവർത്തിക്കുക; അതു മനുഷ്യപുത്രൻ നിങ്ങൾക്കു നൽകും. അവന്റെമേൽ പിതാവായ ദൈവം അവിടത്തെ അംഗീകാരമുദ്ര പതിപ്പിച്ചിരിക്കുന്നു.” അപ്പോൾ അവർ അദ്ദേഹത്തോടു ചോദിച്ചു, “ദൈവത്തിനു ഹിതകരമായി ഞങ്ങൾ ചെയ്യേണ്ടുന്ന പ്രവൃത്തികൾ എന്തെല്ലാമാണ്?” “ദൈവം അയച്ചവനിൽ വിശ്വസിക്കുക; ഇതാണ് ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി,” യേശു ഉത്തരം പറഞ്ഞു. അപ്പോൾ അവർ ചോദിച്ചു: “ഞങ്ങൾ കണ്ട് അങ്ങയിൽ വിശ്വസിക്കേണ്ടതിന് എന്ത് അത്ഭുതചിഹ്നമാണ് അങ്ങു ചെയ്യുന്നത്? ഞങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ ഭക്ഷിച്ചു; ‘അവിടന്ന് അവർക്കു ഭക്ഷിക്കാൻ സ്വർഗത്തിൽനിന്ന് അപ്പം നൽകി,’ എന്നു രേഖപ്പെടുത്തിയിരിക്കുന്നല്ലോ.” യേശു അവരോടു പറഞ്ഞു, “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: മോശയല്ല നിങ്ങൾക്കു സ്വർഗത്തിൽനിന്ന് അപ്പം തന്നത്; സ്വർഗത്തിൽനിന്നുള്ള യഥാർഥ അപ്പം നിങ്ങൾക്കു തരുന്നത് എന്റെ പിതാവാണ്. ദൈവത്തിന്റ അപ്പമോ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവൻ നൽകുന്നവൻ ആകുന്നു.” “കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരണമേ,” അവർ അദ്ദേഹത്തോടപേക്ഷിച്ചു. അപ്പോൾ യേശു പറഞ്ഞത്: “ഞാൻ ആകുന്നു ജീവന്റെ അപ്പം. എന്റെ അടുക്കൽ വരുന്നവന് ഒരുനാളും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല. എന്നാൽ, നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞല്ലോ. പിതാവ് എനിക്കു തരുന്നവരെല്ലാം എന്റെ അടുക്കൽവരും; എന്റെ അടുക്കൽ വരുന്നവരെ ഞാൻ ഒരുനാളും തള്ളിക്കളയുകയില്ല. ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യാനാണ്. എന്നെ അയച്ചവന്റെ ഇഷ്ടമോ, അവിടന്ന് എനിക്കു തന്നിട്ടുള്ളവരിൽ ആരും നഷ്ടമാകാതെ എല്ലാവരെയും ഞാൻ അന്ത്യനാളിൽ ഉയിർത്തെഴുന്നേൽപ്പിക്കണം എന്നാകുന്നു. പുത്രനെ കണ്ട്, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ഉണ്ടാകണമെന്നാണ് എന്റെ പിതാവിന്റെ ഇഷ്ടം; അന്ത്യനാളിൽ ഞാൻ അവരെ ഉയിർത്തെഴുന്നേൽപ്പിക്കും.” “ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം,” എന്ന് യേശു പറഞ്ഞതുകൊണ്ട് യെഹൂദനേതാക്കന്മാർ അദ്ദേഹത്തെക്കുറിച്ചു പിറുപിറുത്ത്, “ഇയാൾ യോസേഫിന്റെ മകനായ യേശു അല്ലേ? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്കറിയാമല്ലോ. പിന്നെ, ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു,’ എന്ന് ഇയാൾ പറയുന്നതെന്ത്?” എന്ന് അവർ പറഞ്ഞു. യേശു പറഞ്ഞു: “നിങ്ങൾ പരസ്പരം പിറുപിറുക്കേണ്ടാ. എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല; അന്ത്യനാളിൽ ഞാൻ അവരെ ഉയിർപ്പിക്കും.
യോഹന്നാൻ 6 വായിക്കുക
കേൾക്കുക യോഹന്നാൻ 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹന്നാൻ 6:22-44
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ