യേശു അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, പുത്രനു തന്റെ പിതാവ് ചെയ്തുകാണുന്നതല്ലാതെ സ്വയം ഒന്നും ചെയ്യാൻ കഴിവില്ല; കാരണം പിതാവു ചെയ്യുന്നതെല്ലാം പുത്രനും ചെയ്യുന്നു. പിതാവു പുത്രനെ സ്നേഹിക്കുന്നു; തന്റെ സകലപ്രവൃത്തികളും അവനു കാണിച്ചുകൊടുക്കുകയുംചെയ്യുന്നു. നിങ്ങൾ അത്ഭുതപരതന്ത്രരാകുംവിധം ഇതിലും വലിയ പ്രവൃത്തികളും അവിടന്ന് കാണിച്ചുകൊടുക്കും. മരിച്ചവരെ പിതാവ് ഉയിർത്തെഴുന്നേൽപ്പിച്ച് അവർക്കു ജീവൻ നൽകുന്നതുപോലെതന്നെ പുത്രനും തനിക്കു പ്രസാദമുള്ളവർക്കു ജീവൻ നൽകുന്നു. അത്രയുമല്ല, എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതുണ്ട്. അതിനുവേണ്ടി പിതാവ് ആരെയും ന്യായംവിധിക്കാതെ ന്യായവിധിയെല്ലാം പുത്രനെ ഏൽപ്പിച്ചിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവൻ, അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; അവർക്ക് ശിക്ഷാവിധി ഉണ്ടാകുകയില്ല; അവർ മരണത്തിൽനിന്ന് ജീവനിലേക്കു പ്രവേശിച്ചിരിക്കുന്നു. ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കുകയുംചെയ്യുന്ന സമയം വരുന്നു, ഇപ്പോൾ വന്നുമിരിക്കുന്നു. പിതാവിനു തന്നിൽത്തന്നെ ജീവൻ ഉള്ളതുപോലെ പുത്രനും തന്നിൽത്തന്നെ ജീവൻ ഉള്ളവനായിരിക്കാൻ അവിടന്ന് പുത്രനും വരം നൽകിയിരിക്കുന്നു. അയാൾ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിക്കുള്ള അധികാരവും അവിടന്ന് അവനു കൊടുത്തിരിക്കുന്നു. “നിങ്ങൾ ഇതിൽ ആശ്ചര്യപ്പെടരുത്; ശവക്കല്ലറകളിലുള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരുന്ന സമയം അടുത്തിരിക്കുന്നു; നന്മ ചെയ്തവർ ജീവന്റെ പുനരുത്ഥാനത്തിലേക്കും തിന്മ ചെയ്തവർ ശിക്ഷാവിധിയുടെ പുനരുത്ഥാനത്തിലേക്കും. എനിക്കു സ്വയമായി ഒന്നും ചെയ്യാൻ കഴിവില്ല; ഞാൻ കേൾക്കുന്നപ്രകാരം ന്യായംവിധിക്കുന്നു. എന്റെ വിധി നീതിയുള്ളതാണ്, കാരണം ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് നിറവേറ്റാൻ ആഗ്രഹിക്കുന്നത്. “ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ അത് സത്യമാകുകയില്ല. എനിക്കുവേണ്ടി സാക്ഷ്യംവഹിക്കുന്ന മറ്റൊരാൾ ഉണ്ട്; എന്നെക്കുറിച്ചുള്ള അവിടത്തെ സാക്ഷ്യം സത്യമാണെന്ന് ഞാൻ അറിയുന്നു. “നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ചു; യോഹന്നാൻ സത്യത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു. മനുഷ്യന്റെ സാക്ഷ്യം ഞാൻ സ്വീകരിക്കുന്നില്ല. എന്നാൽ, ഞാൻ ഇതു പറയുന്നത് നിങ്ങളുടെ രക്ഷയ്ക്കുവേണ്ടിയാണ്. യോഹന്നാൻ ജ്വലിച്ചു പ്രകാശിച്ച വിളക്ക് ആയിരുന്നു; അൽപ്പസമയത്തേക്ക് അദ്ദേഹത്തിന്റെ പ്രകാശത്തിൽ ഉല്ലസിക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ടു. “എന്നാൽ, യോഹന്നാന്റെ സാക്ഷ്യത്തെക്കാൾ വലിയ സാക്ഷ്യം എനിക്കുണ്ട്. പൂർത്തീകരിക്കാനായി പിതാവ് എന്നെ ഏൽപ്പിച്ച പ്രവൃത്തികൾ—ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികൾതന്നെ—പിതാവാണ് എന്നെ അയച്ചത് എന്നതിന് സാക്ഷ്യംവഹിക്കുന്നു. എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യംവഹിച്ചിരിക്കുന്നു. നിങ്ങൾ ഒരിക്കലും അവിടത്തെ ശബ്ദം കേൾക്കുകയോ രൂപം കാണുകയോ ചെയ്തിട്ടില്ല; അവിടത്തെ വചനം നിങ്ങളിൽ നിവസിക്കുന്നതുമില്ല; പിതാവ് അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. നിങ്ങൾ തിരുവെഴുത്തുകൾ ശ്രദ്ധയോടെ പഠിക്കുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ വിചാരിക്കുന്നു; അവയാണ് എന്നെക്കുറിച്ചു സാക്ഷ്യംവഹിക്കുന്നത്. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരാൻ നിങ്ങൾക്കു മനസ്സില്ല. “ഞാൻ മനുഷ്യരുടെ ബഹുമാനം സ്വീകരിക്കുന്നില്ല. എന്നാൽ, എനിക്കു നിങ്ങളെ അറിയാം. നിങ്ങളുടെ ഹൃദയത്തിൽ ദൈവസ്നേഹമില്ലെന്നു ഞാൻ അറിഞ്ഞിരിക്കുന്നു. ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു. എങ്കിലും നിങ്ങൾ എന്നെ അംഗീകരിക്കുന്നില്ല; എന്നാൽ മറ്റാരെങ്കിലും സ്വന്തം നാമത്തിൽ വന്നാൽപോലും നിങ്ങൾ അവനെ അംഗീകരിക്കും. ഏകദൈവത്തിൽനിന്നുള്ള മഹത്ത്വം അന്വേഷിക്കാതെ, പരസ്പരം ബഹുമാനം ഏറ്റുവാങ്ങുന്ന നിങ്ങൾക്ക് എങ്ങനെ എന്നിൽ വിശ്വസിക്കാൻ കഴിയും? “ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു വിചാരിക്കേണ്ടതില്ല. നിങ്ങൾ മോശയിലാണല്ലോ പ്രത്യാശ അർപ്പിച്ചിരിക്കുന്നത്; ആ മോശയാണു നിങ്ങളെ കുറ്റം ചുമത്തുന്നത്. നിങ്ങൾ മോശയെ വിശ്വസിച്ചിരുന്നെങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അദ്ദേഹം എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ. എന്നാൽ, അദ്ദേഹം എഴുതിയതു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ എന്റെ വാക്കുകൾ നിങ്ങൾ എങ്ങനെ വിശ്വസിക്കും?”
യോഹന്നാൻ 5 വായിക്കുക
കേൾക്കുക യോഹന്നാൻ 5
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹന്നാൻ 5:19-47
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ